Connect with us

Articles

ഈ അരുംകൊലകള്‍ അവസാനിച്ചേ തീരൂ...

Published

|

Last Updated

സന്തോഷവും, സമാധാനവും നിറഞ്ഞു നില്‍ക്കേണ്ട തിരുവോണ നാളില്‍ രണ്ട് യുവാക്കള്‍ രാഷ്ട്രീയ വൈരത്താല്‍ കൊല്ലപ്പെട്ടതും, അതിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങളുണ്ടായി എന്നുമുള്ള വാര്‍ത്തകള്‍ സമാധാന കാംക്ഷികളായ എല്ലാവരുടെയും മനസില്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ചെറിയൊരിടവേളക്ക് ശേഷം അക്രമത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം വീണ്ടും സംസ്ഥാനത്ത് സംജാതമാകുന്നത് അതീവ ഗൗരവത്തോടെ നമ്മള്‍ കാണണം. രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ രക്തപ്പുഴകളൊഴുകിയ ഒരു പഴയകാലം നമുക്കുണ്ടായിരുന്നു. ഭീതിജനകമായ ആ കാലം ഇനി ഒരിക്കലും തിരിച്ചുവന്നുകൂടാ, അതിനുള്ള ഓരോ ചെറിയ ശ്രമം പോലും മുളയിലേ നുള്ളപ്പെടുകയും, അതിന് നേതൃത്വം നല്‍കുന്നവര്‍ ആരു തന്നെയായാലും അവരെ സാമൂഹികമായും, രാഷ്ട്രീയമായും ഒറ്റപ്പെടുത്തുകയും വേണം.
2005 മുതല്‍ 2015 ആഗസ്ത് 28 വരെയുള്ള ഒരു ദശാബ്ദ കാലത്ത് ് സംസ്ഥാനത്തൊട്ടാകെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ 98 ജീവനുകള്‍ കുരുതി കഴിക്കപ്പെട്ടുവെന്ന് ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 51 പേര്‍ സി പി എമ്മുകാരോ ആ പാര്‍ട്ടിയുടെ പോഷക സംഘടനകളില്‍ പെട്ടവരോ ആണ്. 34 പേര്‍ ആര്‍ എസ് എസ്- ബി ജെ പി – അനുബന്ധ സംഘടനകളില്‍ പെട്ടവരാണ്. സി പി എം നേതൃത്വത്തില്‍ 45 രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോള്‍ ബി ജെ പി കാര്‍മികത്വത്തില്‍ നടന്നത് 38 കൊലകളാണ്. ഇതില്‍ 42 കൊലപാതകങ്ങളും അരങ്ങേറിയത് കണ്ണൂര്‍ ജില്ലയിലാണെന്നും ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2012 മെയ് നാലിനാണ് സി പി എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപവത്കരിച്ച ടി പി ചന്ദ്രശേഖരന്‍ ദാരുണമായി വധിക്കപ്പെടുന്നത്. കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട സി പി എം നേരിടേണ്ടി വന്ന രാഷ്ട്രീമായ തിരിച്ചടികള്‍ നിരവധിയായിരുന്നു. ഇതോടെ നമ്മുടെ നാട്ടിലെ ദാരുണവും നിര്‍ഭാഗ്യകരവുമായ രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ക്ക് ഒരവസാനമുണ്ടാകുമെന്ന് നമ്മള്‍ ആശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്‌തെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങള്‍ നമ്മെ വീണ്ടും നിരാശാഭരിതരാക്കുകയാണ്.
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടക്ക് കേരളത്തില്‍ അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ ഒരു പ്രധാന വസ്തുത മറ നീക്കി പുറത്തുവരുന്നു. ഭൂരിഭാഗം രാഷ്ട്രീയ സംഘടനങ്ങളിലും ഇരുവശത്തുമായി അണിനിരന്നിരിക്കുന്നത് സി പി എം- ബി ജെ പി എന്നീ രാഷ്ട്രീയ പാര്‍ട്ടികളാണ്. മറ്റ് പ്രമുഖ പാര്‍ട്ടികളുടെ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമേ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ജീവന്‍ വെടിയേണ്ടി വന്നിട്ടിട്ടുള്ളു. ചുരുക്കത്തില്‍ ഈ രണ്ട് രാഷ്ട്രീയ കക്ഷികളും മനസ് വെച്ചാല്‍ കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക പരിസരം കലാപമുക്തമാകുമെന്ന് വ്യക്തം.
കോണ്‍ഗ്രസ് പോലുള്ള ഒരു വലിയ ജനാധിപത്യ പാര്‍ട്ടിയില്‍ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും യാതൊരു സ്ഥാനവുമില്ല. ആ വഴിക്ക് നീങ്ങുന്നവര്‍ക്ക് ഈ സംഘടനയില്‍ നിന്ന് യാതൊരു വിധ സംരക്ഷണവും ലഭിക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലും അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുണ്ടാകും. ആക്രമണത്തിന്റെ പാത സ്വീകരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമികള്‍ എന്ന നിലയിലേ പരിഗണിക്കപ്പെടുകയുള്ളുവെന്നും അവര്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ ഈ സംഘടനയില്‍ ആരുമുണ്ടാകില്ലെന്നും എനിക്ക് സുനിശ്ചിതമായി പറയാന്‍ കഴിയും.
ആയുധം കൊണ്ടും അക്രമം കൊണ്ടും ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന് മറ്റൊന്നിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നോ, അല്ലങ്കില്‍ പരസ്പരം ഇല്ലാതാക്കാന്‍ കഴിയുമെന്നോ ചിന്തിക്കുന്നത് മൗഢ്യമാണ്. ഈ തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും രാഷട്രീയ സംഘട്ടനങ്ങള്‍ രൂപപ്പെടുന്നത്. ആയുധമെടുത്തും, രക്തപ്പുഴകളൊഴുക്കിയും ഒരു പ്രത്യയശാസ്ത്രവും ലോകത്തിന്നോളം വിജയിക്കുകയോ, ജനമനസ്സുകളില്‍ സ്ഥാനം നേടുകയോ ചെയ്തിട്ടില്ല. ഭാര്യക്ക് ഭര്‍ത്താവും, മക്കള്‍ക്ക് പിതാവും, അമ്മക്ക് മകനും മാത്രം നഷ്ടപ്പെടുന്ന രാഷ്ട്രീയ വൈരത്തിന്റെ ഈ ചാവു നിലങ്ങളില്‍ ആരും വിജയിക്കുന്നില്ലെന്നും, എല്ലാവരും പരാജിതര്‍ മാത്രമാണെന്നും ആയുധങ്ങള്‍ രാകി മിനുക്കി പുതിയ ഇരകളെയും കാത്തിരിക്കുന്നവര്‍ ഓര്‍ക്കണം. അരിഞ്ഞു വീഴ്ത്തപ്പെടുന്നത് മനുഷ്യരാണ്, നമ്മുടെ സഹജീവികളാണ്, അവരെ സ്‌നേഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നവരുടെ മുഖത്ത് തെറിച്ച് വീഴുന്ന ചോരപ്പാടുകള്‍ കാലത്തിന് കഴുകിക്കളയാവുന്നതല്ല.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കേരളത്തില്‍ അരങ്ങേറിയ അക്രമസംഭവങ്ങളിലും, കൊലപാതകങ്ങളിലും അതിശക്തമായ നടപടികള്‍ തന്നെയാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. അക്രമങ്ങളെ അടിച്ചമര്‍ത്താന്‍ യാതൊരു മടിയും പൊലീസിനുണ്ടാകില്ല. അക്രമങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരുമായാലും മുഖം നോക്കാതെയുള്ള നടപടികള്‍ ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുണ്ടാകും, അക്രമങ്ങള്‍ക്കെതിരെ സീറോ ടോളറന്‍സ് (ZERO TOLERANCE) എന്നത് തന്നെയാണ് പോലീസിന്റെ നിലപാട്. ഐ പി സിക്കും, സി ആര്‍ പി സിക്കും ഗ്രൂപ്പും, പാര്‍ട്ടിയും, ജാതിയും മതവുമൊന്നുമില്ല. അത്‌കൊണ്ട് തന്നെ അക്രമികള്‍ എത്ര സ്വാധീന ശക്തിയുള്ളവരായാലും യാതൊരാനുകൂല്യവും പ്രതീക്ഷിക്കുകയും വേണ്ട.
അക്രമങ്ങള്‍ അടിച്ചമര്‍ത്താനും, സമാധാനം പുന:സ്ഥാപിക്കാനും ആഭ്യന്തര വകുപ്പും സര്‍ക്കാരും എടുക്കുന്ന നടപടികള്‍ക്കും, ശ്രമങ്ങള്‍ക്കുമൊപ്പം ജനകീയമായ ജാഗ്രത ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം നരമേധങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിരോധ നിര രൂപപ്പെടേണ്ടതുണ്ട്. പരസ്പര വിശ്വാസത്തിലും, അക്രമ രാഹിത്യത്തിലും, സമാധാനത്തിലും അടിയുറച്ച ഈ ഐക്യനിരക്ക് മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ കക്ഷികളിലെ വളരെ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമേ അക്രമങ്ങളെയും, കൊലപാതകങ്ങളെയും പിന്തുണക്കുകയും, ന്യായീകരിക്കുകയും ചെയ്യുന്നുള്ളുവെന്നെനിക്കുറപ്പിച്ച് പറയാന്‍ കഴിയും. ബഹുഭൂരിപക്ഷം പൊതുപ്രവര്‍ത്തകരും, നേതാക്കളും ഇത്തരം അക്രമങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞുനില്‍ക്കുന്നവരും ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ അക്രമങ്ങള്‍ക്കും, രക്തച്ചൊരിച്ചിലിനും അല്‍പ്പം പോലും ഇടമില്ലന്ന് വിശ്വസിക്കുന്നവരുമാണ്.
വിവേകവും, പരസ്പര ബഹുമാനവും, ജനാധിപത്യ ബോധവുമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും നയിക്കേണ്ടത്. അക്രമം അപരിഷ്‌കൃതത്വത്തിന്റെ അങ്ങേയറ്റമാണന്ന് നമ്മെ പഠിപ്പിച്ചത് രാഷ്ട്ര പിതാവായ ഗാന്ധിജിയാണ്. പരസ്പരം കൊന്നു തള്ളിക്കൊണ്ടും, തല്ലിത്തകര്‍ത്തു കൊണ്ടും ഒരു രാഷ്ട്രീയാദര്‍ശത്തിനും നിലനില്‍ക്കാന്‍ കഴിയില്ല. മനുഷ്യനില്ലെങ്കില്‍, മനുഷ്യര്‍ക്ക് വേണ്ടിയല്ലെങ്കില്‍ പ്രസ്ഥാനങ്ങളും, സംഘടനകളും നില നില്‍ക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ഇത് മനസിലാക്കിയാല്‍ ഈ കാണുന്ന പകയും, വിദ്വേഷവും, കൊലകളും, ആക്രമണങ്ങളും നിമിഷ നേരം കൊണ്ടവസാനിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

Latest