Connect with us

Kerala

ഇനി മുദ്രപത്രം വേണ്ട, ഇ-സ്റ്റാമ്പിംഗ് വരുന്നു

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്ത് ആധാര രജിസ്‌ട്രേഷന് നിലവിലുള്ള മുദ്രപത്ര സംവിധാനത്തോടൊപ്പം ഇ- സ്റ്റാമ്പിംഗ് സംവിധാനം കൂടി ഉപയോഗിക്കാന്‍ അനുമതി. ഇതിനായി 1959 ലെ കേരള മുദ്രപത്ര നിയമം ഭേദഗതി ചെയ്യുന്നതിന് കരട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇ- സ്റ്റാമ്പിംഗ് സംവിധാനം സംസ്ഥാനത്ത് നടപ്പില്‍ വരുത്തുമെന്ന് 2013-14ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ സമ്പ്രദായം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. എന്നാല്‍, 1959ലെ കേരള മുദ്രപത്ര നിയമത്തില്‍ ഇലക്‌ട്രോണിക് രൂപത്തിലുള്ള സ്റ്റാമ്പ് (ഇ സ്റ്റാമ്പ്) ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളില്ല. പ്രസ്തുത സമ്പ്രദായം ഏതെങ്കിലും ഒരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൈലറ്റ് പദ്ധതിയായി ആരംഭിക്കണമെങ്കില്‍ പോലും മേല്‍പ്പറഞ്ഞ ഭേദഗതി ആവശ്യമാണ്.
സ്മാര്‍ട്‌സിറ്റിക്ക് അനുവദിച്ച സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയിലെ ഇളവിന്റെ ആനുകൂല്യം സഹ നടത്തിപ്പുകാര്‍ക്ക് കൂടി ലഭ്യമാകുന്ന രീതിയില്‍ ഉത്തരവുകള്‍ ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്മാര്‍ട്‌സിറ്റിയില്‍ സ്ഥലം അനുവദിച്ചവര്‍ക്ക് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ തടസ്സം നേരിട്ട സാഹചര്യത്തിലാണ് ഭേദഗതി അനിവാര്യമായതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്മാര്‍ട്‌സിറ്റിയുടെ നടത്തിപ്പുകാരന് സ്റ്റാമ്പ് ഇളവ് ചെയ്തുകൊടുക്കുന്ന കാര്യമാണ് ഉത്തരവില്‍ പറയുന്നത്. ഇവിടെ സ്ഥാപനം തുടങ്ങുന്നതിന് സ്ഥലം ലഭ്യമാകുന്നവര്‍ ഈ ഉത്തരവിന്റെ പരിധിയില്‍ വരുന്നില്ല. ഈ സാഹചര്യത്തിലാണ് നടത്തിപ്പുകാരന്‍ എന്നത് നടത്തിപ്പുകാരും സഹനടത്തിപ്പുകാരും എന്ന് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.
സ്വകാര്യ എയ്ഡഡ് കോളജുകളില്‍ 2010 നു മുമ്പ് അനുവദിക്കപ്പെട്ട കണ്ടീഷനല്‍ കോഴ്‌സുകളില്‍ നിയമിതരായ അധ്യാപകരുടെ നിയമനം ക്രമീകരിക്കാനും ഭാവികാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പള ആനുകൂല്യം നല്‍കാനും തീരുമാനിച്ചു. ശമ്പള കുടിശ്ശിക വരുന്നപക്ഷം ആ തുക അഞ്ച് വര്‍ഷം കഴിഞ്ഞു മാത്രം പിന്‍വലിക്കാനാകുന്ന വിധത്തില്‍ അധ്യാപകരുടെ പി എഫ് അക്കൗണ്ടില്‍ ലയിപ്പിക്കും. സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യ വിതരണം നടത്തുന്നതിനുള്ള സര്‍ക്കാറിന്റെ ഏക വിതരണ ഏജന്‍സിയായി കേരള സംസ്ഥാന ലോട്ടറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിനെ നിയോഗിക്കും. ഏജന്റുമാരുടെയും സബ്- ഏജന്റുമാരുടെയും കമ്മീഷനില്‍ നിന്ന് സേവന നികുതി ഈടാക്കി സേവനനികുതി വകുപ്പിലടക്കേണ്ട ചുമതല ക്ഷേമനിധി ബോര്‍ഡിനെ ഏല്‍പ്പിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതല്‍ സേവന നികുതി ശേഖരിച്ച് അതു വകുപ്പിലടക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരായിരിക്കും. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടിനെ ബോര്‍ഡിന് നിയോഗിക്കാം.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതുവരെ, വെള്ളൂര്‍ എച്ച് എന്‍ എല്ലിന്റെ കൈവശമുള്ള സ്ഥലത്തു സ്ഥിതിചെയ്യുന്ന സി ഐ എസ് എഫ് കെട്ടിടത്തില്‍ താത്കാലികമായി ക്ലാസുകള്‍ ആരംഭിക്കുന്നതിനായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന ഉടമസ്ഥതയിലുള്ള കെട്ടിടം ലഭ്യമാക്കുകയെന്നത് കാലതാമസം ഉണ്ടാക്കുകയും സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അനുമതി പത്രം റദ്ദാകാന്‍ ഇടയാക്കുകയും ചെയ്യുമെന്നതിനാലാണ് ഇത്.
അട്ടപ്പാടി സര്‍ക്കാര്‍ കോളജിന് ആറ് ഏക്കര്‍ ഭൂമിയും പൂവാര്‍ തീരദേശ പോലീസ് സ്റ്റേഷന് 40.47 ആര്‍ ഭൂമിയും അനുവദിച്ചു. മെഴുവേലി വനിതാ ഐ ടി ഐക്ക് സ്ഥലം വാങ്ങാന്‍ 12 ലക്ഷം രൂപ പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ അനുമതി നല്‍കി. മലയിന്‍കീഴില്‍ പുതിയ സി ഐ ഓഫീസ് അനുവദിച്ചു. ഇതിനായി ഏഴ് അധിക തസ്തികയും അനുവദിച്ചു.