മാനസിക വൈകല്യമുള്ളവര്‍ക്ക് ഇനി പകല്‍ വീട്‌

Posted on: September 2, 2015 12:56 pm | Last updated: September 2, 2015 at 12:56 pm

പാലക്കാട്: മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് പകല്‍ വീടൊരുങ്ങി.ധോണി പയറ്റാംകുന്നത്ത് കൂടുതല്‍ സൗകര്യത്തോടെ പകല്‍വീടൊരുങ്ങിയിട്ടുള്ളത്. 2014 സപ്തംബറിലാണ് പകല്‍വീട് ആരംഭിച്ചത്. അന്ന് പുരുഷന്മാര്‍ക്കുള്ള പകല്‍വീട് മണപ്പുള്ളിക്കാവിലും സ്ത്രീകള്‍ക്കായി കണ്ണാടിയിലുമായിരുന്നു.
ഇവര്‍ക്ക് ഒരുപോലെ സൗകര്യം എത്തിക്കുന്നതിനായി 2015 ജൂലായില്‍ ധോണിയിലേക്കുമാറ്റി. മുപ്പതിലധികം പേരാണ് ഇപ്പോള്‍ ഇവിടെയുള്ളത്.മാനസികാരോഗ്യത്തിനുള്ള ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും സഹകരണത്തോടെയാണ് പകല്‍വീട് ആരം‘ിച്ചത്. മാനസികാരോഗ്യം കുറഞ്ഞവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ പരിചരണം ലഭ്യമാക്കും. പരിചരണം ആവശ്യമുള്ളവരെ വീടുകളില്‍ പോയി കൊണ്ടുവരും. ഇതിനായി ഇവര്‍ക്ക് രണ്ട് വാഹനങ്ങളുണ്ട്. കൊല്ലങ്കോട്, ചിറ്റൂര്‍, പാലക്കാട് ഭാഗത്തുനിന്നുള്ളവരെ കൊണ്ടുവരുന്നതിന് ഒന്നും അഞ്ചാംമൈല്‍, പറളി, കോങ്ങാട്, മുണ്ടൂര്‍ ഭാഗങ്ങളില്‍നിന്നുള്ളവരെ കൊണ്ടുവരുന്നതിനായി മറ്റൊരു വാഹനവും. ദിവസവും 10 മുതല്‍ 4 വരെയാണ് പകല്‍വീട് പ്രവര്‍ത്തിക്കുന്നത്.
പകല്‍വീട്ടിലെ താമസക്കാര്‍ക്കുള്ള ‘ക്ഷണവും ചികിത്സയും മരുന്നും സൗജന്യമാണ്. ഇവരെ പരിചരിക്കാനായി രണ്ട് ഡോക്ടര്‍മാരും ഒരു ഒക്യുപാഷണല്‍ തെറാപ്പിസ്റ്റുമടക്കം 14 ജീവനക്കാരുടെ സേവനം പകല്‍വീട്ടിലെ താമസക്കാര്‍ക്ക് ലഭിക്കും.
സോപ്പ്, പേപ്പര്‍ബാഗ്, ഫിനോയില്‍ തുടങ്ങിയവയുടെ നിര്‍മാണപരിശീലനമാണ് നല്‍കിവരുന്നത്. ഇപ്പോള്‍ തുണികൊണ്ടുള്ള ചവിട്ടി നിര്‍മാണപരിശീലനവും നല്‍കുന്നുണ്ട്. ഇവയുടെ വില്പന പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയുമാണ്. ലഭിക്കുന്ന തുക താമസക്കാര്‍ക്ക് വീതിച്ചുനല്‍കും. ഇതുവരെയായി മൂന്നുപേര്‍ സ്വന്തമായി ഉത്പന്നങ്ങള്‍ നിര്‍മിച്ച് വില്പന നടത്തുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. മെഡിക്കല്‍ ക്യാമ്പുകളിലൂടെയും ആളുകളില്‍നിന്ന് കേട്ടറിഞ്ഞും രോഗികള്‍ ഇവിടേക്കെത്താറുണ്ട്. ഫോണ്‍: 8547338442.