കേരളത്തില്‍ പണിമുടക്ക് പൂര്‍ണം; റെയില്‍വേ ഒഴികെ എല്ലാ മേഖലകളിലും സ്തംഭനം

Posted on: September 2, 2015 10:35 am | Last updated: September 3, 2015 at 9:54 am

strike-2

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 10 തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം സ്തംഭിച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ഓട്ടോ-ടാക്‌സി എന്നിവ പണിമുടക്കില്‍ പങ്കെടുത്തു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. കടകമ്പോളങ്ങളും വ്യാവസായ ശാലകളും അടഞ്ഞുകിടന്നു. സ്‌കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം മുടങ്ങി. എന്നാല്‍ ഐടി മേഖലയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ഇവിടെ 75 ശതമാനത്തോളം ജീവനക്കാര്‍ ജോലിക്ക് ഹാജരായി.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പണിമുടക്കില്‍ കാര്യമായ അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തനംതിട്ടയിലെ റാന്നിയില്‍ സമരാനുകൂലികള്‍ പോസ്റ്റ് ഓഫീസിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കൊട്ടാരക്കരയില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ സമരാനുകൂലികളെ പോലീസ് ഇടപെട്ടു നീക്കി. വയനാട്ടിലെ അമ്പലവയലില്‍ സ്‌കൂളില്‍ എത്തിയ അധ്യാപകരെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ അധ്യാപകരായ രാജേഷ്, വിജീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ദേശീയ തലത്തില്‍ പണിമുടക്ക് ഭാഗിക പ്രതികരണം മാത്രമാണുണ്ടാക്കിയത്. മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവയെ പണിമുടക്ക് ഒരുതരത്തിലും ബാധിച്ചില്ല. ഇവിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു. വ്യവസായ മേഖലകളായ ഗുഡ്ഗാവ്, ഗാസിയാബാദ് എന്നീ നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചു. ചെന്നൈയില്‍ സര്‍ക്കാര്‍ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഒരുപോലെ നിരത്തിലിറങ്ങി.