തഴച്ചു വളരുന്ന മനുഷ്യക്കച്ചവടം

Posted on: September 2, 2015 5:58 am | Last updated: September 1, 2015 at 8:00 pm

ഞെട്ടലുളവാക്കുന്നതാണ് മനുഷ്യക്കടത്തിനെക്കുറിച്ചു നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട പുതിയ വിവരങ്ങള്‍. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മനുഷ്യക്കടത്ത് 76 ശതമാനം വര്‍ധിച്ചതായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കടത്തില്‍ 65 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വേശ്യാലയങ്ങളിലേക്കും സെക്‌സ് ടൂറിസത്തിനുമായാണ് പെണ്‍കുട്ടികളെയും യുവതികളെയും കടത്തുന്നത്. വേശ്യാവൃത്തിക്കായി ഉക്രൈയിന്‍, ജോര്‍ജ്ജിയ, കസാഖിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, അസര്‍ബൈജാന്‍, ചെച്‌നിയ, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സ്ത്രീകളെ വാങ്ങുകയും അവിടുത്തെ സെക്‌സ് റാക്കറ്റുകള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. നേപ്പാളില്‍ നിന്നും കടത്തിയ 50 പേരെ രണ്ട് മാസം മുമ്പ് ബീഹാറിലെ റാക്‌സോളില്‍ വെച്ച് അതിര്‍ത്തി സേന പിടികൂടിയിരുന്നു. 2014ല്‍ മാത്രം രാജ്യത്ത് 8,099 പേരെ കടത്തിയിട്ടുണ്ടെന്നാണ് ബ്യൂറോയുടെ കണക്ക്. ഇതില്‍ 3,351 പേരെ വേശ്യാവൃത്തിക്കാണ് ഉപയോഗിച്ചത്.
ആയുധ, മയക്കുമരുന്ന് കടത്തുകള്‍ കഴിഞ്ഞാല്‍ ഏറ്റവും ലാഭകരമായ ബിസിനസയി വളര്‍ന്നിട്ടുണ്ടിപ്പോള്‍ മനുഷ്യക്കടത്ത്. ഈ മേഖലയില്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചു വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി, നെടുമ്പാശ്ശേരി വിമാനത്താവളം വഴി യുവതികളെ കടത്തിയ കേസുമായി ബന്ധപ്പെട്ട് കൊച്ചി സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി ബി ഐ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യുവതികളെ അന്വേഷിച്ചു കണ്ടത്തുന്നതിനും ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്‌തോ മറ്റോ അവരെ വശത്താക്കുന്നതിനും രാജ്യത്തുടനീളം ഇവര്‍ക്ക് ഏജന്റുമാരുമുണ്ട്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും വൈദികരുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ റാക്കറ്റില്‍ കണ്ണികളാണ്. നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ ഏഴ് എസ് ഐ മാരും ഒരു സി ഐയും അടക്കം എട്ട് പോലീസുദ്യോഗസ്ഥരും തിരുവനന്തപുരം വിമാനത്താവളം വഴി ഇസ്‌റാഈലിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഒരു വൈദികനും പ്രതിക്കൂട്ടിലാണ്. കേരളത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളമാണ് ഇവരുടെ മുഖ്യകേന്ദ്രം.
മനുഷ്യക്കടത്തിനെതിരെ രാജ്യത്ത് നിയമങ്ങളുണ്ട്. മനുഷ്യക്കടത്ത് തടയാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 225 പോലീസ് സ്‌റ്റേഷനുകള്‍ക്ക് കീഴില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂനിറ്റുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളറിയിക്കാനായി ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് വെബ് പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് പാര്‍ലിമെന്റ് പാസാക്കിയ നിയമഭേദഗതിയനുസരിച്ച് കുറ്റവാളികള്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ നിര്‍ദേശിച്ചതുമാണ്. എങ്കിലും മനുഷ്യക്കടത്ത് വര്‍ഷം തോറും വര്‍ധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ 92 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഉണ്ടായത്. മനുഷ്യക്കച്ചവടം തടയാന്‍ ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ക്കും നിയമപാലകര്‍ക്കും വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം റാക്കറ്റുമായുള്ള ബന്ധമാണ് ഇത് നിയന്ത്രിക്കുന്നതിന് പ്രധാന തടസ്സം.
മനുഷ്യക്കടത്ത് ഹീനവും ചിലപ്പോള്‍ ഭീകരവുമാണ്. മികച്ച ജോലിക്കെന്ന പ്രലോഭനത്തിലൂടെ മറ്റു രാജ്യങ്ങളിലേക്ക് അയക്കപ്പെടുന്നവര്‍, അവിടെ മൃഗങ്ങളെപ്പോലെ വിശ്രമമന്യേ ജോലി ചെയ്യേണ്ടിവരികയോ വേശ്യാലയങ്ങളില്‍ തളക്കപ്പെടുകയോ ആണ് ചെയ്യുന്നത്. സമഗ്രവും ഫലപ്രദവുമായ നിയമങ്ങള്‍ക്ക് പുറമെ മനുഷ്യക്കടത്ത് റാക്കറ്റുമായുള്ള ഉദ്യോഗസ്ഥ പ്രമുഖരുടെ അവിഹിത കൂട്ടുകെട്ട് അവസാനിപ്പിക്കാനുള്ള ഫലപ്രദമായ നടപടികളും അനിവാര്യമാണ്. വിദ്യാഭ്യാസത്തിന് വേണ്ടി കുട്ടികളെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്കയക്കുന്നത് മനുഷ്യക്കടത്തും നിയമലംഘനവുമായി ചിത്രീകരിച്ചു അവരുടെ ഭാവിയെ വേട്ടയാടാന്‍ ഉദ്യോഗസ്ഥരും മാധ്യമങ്ങളും കുത്സിത ശ്രമം നടക്കുന്ന നാട്ടിലാണ് ഇതെന്ന് മറക്കരുത്. ഉത്തരേന്ത്യന്‍ കുഗ്രാങ്ങളിലെയും ചേരിപ്രദേശങ്ങളിലെയും കൊടിയ ദാരിദ്ര്യവും വിദ്യാഭ്യാസ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് അവിടുത്തെ കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്കയക്കാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിതരാക്കുന്നത്. പഠന, താമസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് അവരെ നാടിനും സമൂഹത്തിനും ഉപകാരപ്പെടുന്ന പൗരന്മാരാക്കി വാര്‍ത്തെടുക്കാനുള്ള ധര്‍മസ്ഥാപനങ്ങളുടെ സന്മനസ്സിനെ അഭിനന്ദിക്കാന്‍ കഴിയില്ലെങ്കില്‍, മനുഷ്യക്കടത്തായി വ്യാഖ്യാനിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാതിരിക്കാനുള്ള സന്മനസ്സെങ്കിലും പ്രകടിപ്പിക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ ഏതാണ്ടെല്ലാവരും ഭീകരരോ, കുറ്റവാളികളോ, നിയമലംഘകരോ ആണെന്ന് സ്ഥാപിക്കുകയും മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയും മുന്നേറ്റവും തടയുകയുമാണ് മനുഷ്യക്കടത്തായി ഇതിനെ ചിത്രീകരിക്കുന്ന കുബുദ്ധികളുടെ ലക്ഷ്യമെന്നറിയാതെ ചില സാംസ്‌കാരിക നായകന്മാരും അവരുടെ വലയില്‍ അകപ്പെടുന്നതാണ് ഖേദകരം.