കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് നായ്ക്കളെ കഴുത്തറുത്ത് കെട്ടിത്തൂക്കി

Posted on: September 1, 2015 10:28 pm | Last updated: September 1, 2015 at 10:28 pm

manojതലശ്ശേരി: ആര്‍ എസ് എസ് നേതാവ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് നായ്ക്കളെ കഴുത്തറുത്തു കൊന്നു കെട്ടിതൂക്കി.
കിഴക്കേ കതിരൂര്‍ ഉക്കാസ്‌മൊട്ടയില്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്തെ വൈദ്യുതി പോസ്റ്റിലാണ് മൂന്ന് നായ് കുഞ്ഞുങ്ങളെ കൊന്ന് കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയത്. മനോജിന്റെ ഒന്നാം ബലിദാന്‍ ദിനമായ ഇന്നലെ രാവിലെ മനോജിന്റെ വീട്ടിലേക്ക് പോയ ആര്‍ എസ് എസ് നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരുമാണ് നായ്ക്കളെ കൊന്ന് തൂക്കിയത് കണ്ടത്. ഇതില്‍ ഒന്നിന്റെ കഴുത്തറുത്ത നിലയിലായിരുന്നു.
വിവരമറിഞ്ഞ് കൂത്തുപറമ്പ് സി ഐ പ്രേംസദന്‍, കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ് ഐ സുരേന്ദ്രന്‍ കല്ല്യാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും കെട്ടി തൂക്കിയ നായ്ക്കളെ അഴിച്ച് മാറ്റുകയും ചെയ്തു. സ്പര്‍ദ ഉണ്ടാക്കാന്‍ ശ്രമിച്ചതിനും മൃഗങ്ങളോടുള്ള ക്രൂരതക്കും കതിരൂര്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊല്ലപ്പെട്ട മൂന്ന് നായ്ക്കളെയും പോസ്റ്റ്‌മോര്‍ട്ടം നടത്തി.
ആര്‍എസ്എസ് നേതാക്കളായ എ ഗോപാലന്‍കുട്ടി, സുദര്‍ശന്‍, ഒ എം സജിത്ത് തുടങ്ങിയ നേതാക്കള്‍ രാവിലെ മനോജിന്റെ വീട്ടിലെത്തിയിരുന്നു. നായ്ക്കളെ കൊന്നു കെട്ടിതൂക്കിയ സംഭവത്തോടെ കതിരൂര്‍ മേഖല കടുത്ത സംഘര്‍ഷാവസ്ഥയിലായിരിക്കുകയാണ്. പ്രദേശത്ത് കൂടുതല്‍ സായുധ സേനയെ വിന്യസിക്കുകയും മൊബൈല്‍ പട്രോളിംഗുകള്‍ ഏര്‍പ്പെടുത്തകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒന്നിനാണ് മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.