കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസ്

Posted on: September 1, 2015 10:25 pm | Last updated: September 1, 2015 at 10:25 pm

paul muthootആലപ്പുഴ: യുവ വ്യവസായി പോള്‍ മുത്തൂറ്റിന്റെ കൊലപാതകം കേരള രാഷ്ട്രീയത്തിലും ആഭ്യന്തര വകുപ്പിലും ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച കേസാണ്. പോളിനൊപ്പം ആഡംബര കാറില്‍ യാത്ര ചെയ്തിരുന്ന പുത്തന്‍പാലം രാജേഷിന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകനുമായുള്ള ബന്ധം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കി. പോള്‍ കൊല ചെയ്യപ്പെട്ട ശേഷം ഇതിന്റെ അന്വേഷണ ചുമതലുയുണ്ടായിരുന്ന അന്നത്തെ മധ്യ മേഖലാ ഐ ജി വിന്‍സണ്‍ എം പോളിന്റെ പത്രസമ്മേളനവും ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.പിന്നീട് നോര്‍ത്ത് സി ഐ ഇടപെട്ട് ചാത്തനാട്ടെ ഇരുമ്പ് പണിക്കാരനെ കൊണ്ട് എസ് കത്തി നിര്‍മിപ്പിച്ചതും ഏറെ നാള്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്നു. 2009 ആഗസ്റ്റ് 21 ന് അര്‍ധ രാത്രി ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ നെടുമുടി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ജ്യോതി ജംഗ്ഷനിലാണു കൊലപാതകം നടന്നത്. എറണാകുളത്തെ ഓഫീസില്‍ നിന്ന് മാരാരിക്കുളത്തെ റിസോര്‍ട്ടിലെത്തി വിശ്രമിച്ച ശേഷം ചമ്പക്കുളത്തെ റിസോര്‍ട്ടിലേക്ക് വരുന്നതിനിടയില്‍ പള്ളാത്തുരുത്തി പാലത്തിന് സമീപം ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ പോള്‍ മുത്തൂറ്റിന്റെ എന്‍ഡവര്‍ കാര്‍ തട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്വട്ടേഷന്‍ സംഘത്തിന്റെ ബൈക്കില്‍ ഇടിച്ച ശേഷം പോള്‍ കാര്‍ നിര്‍ത്താതെ പോകുകയും സംഘാംഗങ്ങള്‍ കാര്‍ പിന്തുടര്‍ന്ന് നെടുമുടിക്ക് സമീപം വെച്ച് പിടികൂടി, പരസ്പരം വാക്ക് തര്‍ക്കമുണ്ടാകുകയും കൈയില്‍ കരുതിയിരുന്ന മാരാകായുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് സി ബി ഐ കണ്ടെത്തല്‍. പോളിന്റെ കഴുത്തിലും മുതുകിലുമാണ് ആഴത്തിലുള്ള കുത്തേറ്റത്. പ്രാണ രക്ഷാര്‍ഥം കാര്‍ തുറന്നു പുറത്തിറങ്ങിയ പോളിനെ റോഡരികിലെ മതിലിനോടു ചേര്‍ത്തുനിര്‍ത്തിയും കുത്തി. പ്രാഫഷനല്‍ കൊലയാളികളാണ് ഇത്തരത്തില്‍ മരണം ഉറപ്പാക്കുംവിധം ആക്രമണം നടത്തുന്നതെന്ന് കേസ് ആദ്യം അന്വേഷിച്ച പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോളിനൊപ്പം ഈ സമയം, കാറിലുണ്ടായിരുന്ന പുത്തന്‍പാലം രാജേഷും സംഘവും ചേര്‍ന്ന് കാര്‍ കടത്തിക്കൊണ്ടു പോയിട്ടും ഇവരെ പിടികൂടുന്നതില്‍ പോലീസ് കാലവിളംബം കാണിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കി.
ചമ്പക്കുളത്തെ റിസോര്‍ട്ടിന്റെ താക്കോല്‍ എടുക്കാനായി പള്ളാത്തുരുത്തിയിലെ റിസോര്‍ട്ടിലേക്ക് പറഞ്ഞയച്ച പോളിന്റെ ഡ്രൈവര്‍ ഷിബുവെത്തിയപ്പോള്‍ പോള്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു. ഷിബു എത്തിയതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. മണ്ണഞ്ചേരിയിലെ ഒരു ക്വട്ടേഷന്‍ ഏറ്റെടുത്ത കാരി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് പോകുന്നതിനിടെയാണ് പള്ളാത്തുരുത്തിയില്‍ വെച്ച് പോള്‍ മുത്തൂറ്റിന്റെ കാര്‍ ഇവരുടെ വാഹനത്തില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്. നെടുമുടിയില്‍ വെച്ച് പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ മണ്ണഞ്ചേരിയിലേക്ക് തിരിക്കുകയും ചെയ്തു. പോള്‍ മുത്തൂറ്റിന്റെ കൊലപാതക കേസിലെ പ്രതികളെ പിടികൂടുന്നതിനേക്കാള്‍ താത്പര്യത്തോടെ പോലീസ് ഇതിലെ ദുരൂഹതകള്‍ ഒളിപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ചെന്ന് തുടക്കത്തിലേ ആരോപണമുയര്‍ന്നിരുന്നു.കേസിലെ പ്രതി കാരി സതീഷിന്റെ മാതാവിന്റെ വെളിപ്പെടുത്തലുകളും ഏറെ വിവാദങ്ങള്‍ക്കിടയാക്കി.തന്റെ വീട്ടിലെ കട്ടിലനടിയില്‍ പോലീസ് എസ് കത്തി ഒളിപ്പിച്ച ശേഷം അവര്‍ തന്നെ അത് പിടിച്ചെടുക്കുകയായിരുന്നെന്നായിരുന്നു കാരി സതീഷിന്റെ മാതാവിന്റെ വെളിപ്പെടുത്തല്‍.കേസ് അന്വേഷണത്തില്‍ പോലീസ് കാണിച്ച അലംഭാവമാണ് സി ബി ഐയുടെ കൈകളിലെത്തിച്ചത്. എന്നാല്‍ പോലീസ് കണ്ടെത്തിയതില്‍ നിന്ന് കൂടുതലായൊന്നും സി ബി ഐ അന്വേഷണത്തിലും വ്യക്തമായില്ലെന്നത് ആഭ്യന്തര വകുപ്പിന് ആശ്വാസമായി.