ആഭരണക്കട ശൃംഖല ജപ്തി ചെയ്യാനുള്ള നീക്കം പൊളിഞ്ഞു

Posted on: September 1, 2015 5:14 pm | Last updated: September 1, 2015 at 5:14 pm

goldദുബൈ: കടക്കെണിയില്‍പ്പെട്ട ആഭരണക്കട ശൃംഖല ജപ്തിചെയ്ത് വില്‍ക്കാന്‍ ബേങ്കുകള്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വിജയിക്കില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യു എ ഇയിലും മറ്റുമായി 50 ലധികം ആഭരണക്കടകളാണ് ഗ്രൂപ്പിനുള്ളത്. ഇവ ജപ്തിചെയ്ത് വിറ്റാല്‍ വായ്പ നല്‍കിയ തുക ലഭ്യമാകുമെന്നാണ് ബേങ്കുകള്‍ കരുതുന്നത്. 15 ബേങ്കുകളാണ് ഗ്രൂപ്പിനെതിരെ പരാതിയുമായി രംഗത്തുള്ളത്. ഇതില്‍ ഒരു ഇന്ത്യന്‍ ബേങ്കും ഉള്‍പെടും. ഏഴുകോടി ദിര്‍ഹം കിട്ടാനുണ്ട്. ബേങ്കുകളുടെ പ്രതിനിധികള്‍ കൂട്ടമായി ചേര്‍ന്നാണ് നീക്കങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഗ്രൂപ്പ് 55 കോടി ദിര്‍ഹം വിവിധ ബേങ്കുകളില്‍ നിന്ന് വായ്പ വാങ്ങിയെന്നാണ് കണക്ക്.
ഇതിനിടെ ജ്വല്ലറി ചെയര്‍മാന്റെ മകളുടെ പേരിലും കേസ് ഉല്‍ഭവിച്ചു. ഇവര്‍ നല്‍കിയ പല ചെക്കുകളും തിരിച്ചയക്കപ്പെട്ടതാണ് കാരണം. ചെയര്‍മാനൊപ്പം മകളും പോലീസ് കസ്റ്റഡിയിലാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ബേങ്കുകളോ ജ്വല്ലറി ഗ്രൂപ്പോ ആവശ്യപ്പെട്ടാല്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതിന് തയ്യാറാണെന്ന് ദുബൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ട്. ആ ജ്വല്ലറി ഗ്രൂപ്പ് മനപ്പൂര്‍വം ആരെയെങ്കിലും കബളിപ്പിക്കാനോ വഞ്ചിക്കാനോ ശ്രമിച്ചതായി അറിയില്ല. എന്നാല്‍ ജ്വല്ലറി ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് സഹായാഭ്യര്‍ഥന ഉണ്ടായാല്‍ പരിഗണിക്കുമെന്ന് തൗഹീദ് അബ്ദുല്ല വാര്‍ത്താലേഖകരെ അറിയിച്ചു.
ഒമാനിലെ ആശുപത്രി വിറ്റ് വായ്പ തിരിച്ചടക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നുവത്രെ ജ്വല്ലറി ഗ്രൂപ്പ്. എന്നാല്‍ ഇത് എളുപ്പം നടക്കില്ല എന്നതാണ് കമ്പോളത്തില്‍ നിന്നും ലഭിക്കുന്ന വിവരം. നേരത്തെ 40 കോടി ദിര്‍ഹം വില നിശ്ചയിച്ചിരുന്ന സ്ഥാപനമാണിത്. എന്നാല്‍ ജ്വല്ലറി ഗ്രൂപ്പ് പ്രതിസന്ധിയിലാണെന്ന വാര്‍ത്ത പരന്നതോടെ ഇടപാടുകാര്‍ വിലപേശല്‍ നടത്തുകയാണ്. ഇതിനിടെ ചെയര്‍മാന്‍ അറസ്റ്റിലാണെന്ന വാര്‍ത്ത ശരിയല്ലെന്നാണ് നാട്ടില്‍ ഈ ജ്വല്ലറി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആളുകള്‍ വാര്‍ത്താലേഖകരെ അറിയിച്ചത്. ചെയര്‍മാന്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്നോ നാളെയോ വാര്‍ത്താലേഖകരെ കാണുമെന്നും വ്യക്തമാക്കി. ബേങ്കിലെ വായ്പ തിരിച്ചടക്കാന്‍ സാവകാശം ലഭിക്കുകയാണെങ്കില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് ജ്വല്ലറി അധികൃതര്‍ കണക്കുകൂട്ടുന്നു.