ജസ്റ്റീസിന്റെ വീട്ടിലെ മോഷണം : പ്രതിക്ക് ഏഴ് വര്‍ഷം തടവ്‌

Posted on: September 1, 2015 12:14 pm | Last updated: September 1, 2015 at 12:14 pm

പാലക്കാട്: മുന്‍ കേരള ഹൈക്കോടതി ജഡ്ജിയും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡണ്ടുമായ ജസ്റ്റിസ് ബര്‍ക്കത്തലിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും രൂപയും കവര്‍ന്ന പ്രതിയെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചു.
ഊട്ടി ഫേണ്‍ഹില്‍സില്‍ മൂത്തു വിന്റെ മകന്‍ ശങ്കറിനെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം തടവ് ശിക്ഷയ്ക്കും പതിനായിരം രൂപ പിഴ അടക്കുവാ നും ചിറ്റൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് അനൂപ് എ ബി ശിക്ഷിച്ചത്. ജസ്റ്റിന് ബര്‍ക്കത്തലിയുടെ തത്തമംഗലത്തിലുളള പൂട്ടിക്കിടന്ന വീട്ടില്‍ 2013 ജനുവരി 25ന് രാത്രിയാണ് മോഷണം നടന്നത്. തൊട്ടടുത്ത കുടുംബവീട്ടില്‍ താമസിക്കുന്ന മുന്‍ ജില്ലാ ജഡ്ജിയും ജസ്റ്റിസ് ബര്‍ക്കത്തലിയുടെ പിതാവുമായ പി എ ക്യു മീരാനാണ് വീടിന്റെ ഗ്രില്ലിലെ പൂട്ടുകള്‍ പൊട്ടിക്കിടന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെയും ജസ്റ്റിസിനെയും വിവരം അറിയിക്കുകയും പിന്നീടുളള പരിശോധനയിലാണ് വീട്ടിലെ അലമാരക്കുളളില്‍ വെച്ചിരുന്ന 15 പവന്റെ സ്വര്‍ണ്ണാരണങ്ങളും 20,000 രൂപയും റിട്ടയര്‍മെന്റ് സമയത്ത് കേരള ഹൈക്കോടതി നല്‍കിയ ഉപഹാരങ്ങളും നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. ഒരു മാസത്തിന് ശേഷം തൃശൂരില്‍ പോലീസിന്റെ രാത്രി കാല പരിശോധനയില്‍ സംശയാസ്പദമായി പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റു ചെയ്യുകയും ജസ്റ്റിസ് ബര്‍ക്കത്തലിയുടെ പേരെഴുതി ഒരു സ്വര്‍ണ മോതിരവും വളയും, 50,000 രൂപയും കണ്ടെടുത്തത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളവും പ്രതിയുടെ വിരലടയാളവും ഒന്നുതന്നെയാണെന്നും തിരുവനന്തപുരത്തെ സംസ്ഥാന ഫിംഗര്‍ പ്രിന്റ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ മൂലം കോടതിയില്‍ എത്തി മൊഴി നല്‍കാന്‍ സാധിക്കാതിരുന്ന ജഡ്ജിയുടെ പിതാവ് പി എ ക്യൂ മീരാനെയും ജസ്റ്റിസ് ബര്‍ക്കത്തലിയെയും തത്തമംഗലത്തുളള വീട്ടില്‍ പാലക്കാട് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിയമിച്ച പ്രത്യേക കമ്മീഷണര്‍ പാലക്കാട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് സുനില്‍കുമാര്‍ മുമ്പാകെയാണ് സാക്ഷി വിസ്താരം നടത്തിയത്.
പ്രതിയില്‍ നിന്ന് കണ്ടെടുത്ത മുതലുകള്‍ ജസ്റ്റിസ് ബര്‍ക്കത്തലിയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ചിറ്റൂര്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രേംനാഥ് ഹാജരായി.