നാസികള്‍ രഹസ്യമായി സൂക്ഷിച്ച വന്‍ സ്വര്‍ണ ശേഖരമുള്ള ട്രെയിന്‍ കണ്ടെത്തിയതായി സൂചന

Posted on: September 1, 2015 6:00 am | Last updated: September 1, 2015 at 10:20 am
ട്രെയിന്‍ ഒളിപ്പിച്ചു വെച്ച സ്ഥലത്തേക്കുള്ള പ്രവേശന കവാടം സ്ഥിതി ചെയ്തിരുന്ന ഭാഗത്തിന്റെ ചിത്രവുമായി അന്വേഷണം നടത്തിയ സ്ലോവികോവ്‌സ്‌കി
ട്രെയിന്‍ ഒളിപ്പിച്ചു വെച്ച സ്ഥലത്തേക്കുള്ള പ്രവേശന കവാടം സ്ഥിതി ചെയ്തിരുന്ന ഭാഗത്തിന്റെ ചിത്രവുമായി അന്വേഷണം നടത്തിയ സ്ലോവികോവ്‌സ്‌കി

വാര്‍സോ: നാസികള്‍ ജൂതരില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണനിക്ഷേപങ്ങളുമായി 1950കളില്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ ട്രെയിന്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതായി സൂചന. യൂറോപ്യന്‍ രാജ്യമായ പോളണ്ടിലെ വാള്‍ബ്രിസ്‌കില്‍ ഒരു കുന്നിന്‍ ചെരുവില്‍ ഈ ട്രെയിന്‍ നാസികള്‍ ഒളിപ്പിപ്പ് വെച്ചിരിക്കുകയാണെന്നാണ് നിഗമനം. സംഭവം ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പ്രദേശം ഇപ്പോള്‍ കനത്ത സുരക്ഷാവലയത്തിലാണ്. ട്രെയിന്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാവുന്ന വ്യക്തികളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു. 85കാരനായ സ്ലോവികോവ്‌സ്‌കി തന്റെ ആയുസ്സിന്റെ പകുതി ഭാഗവും മാറ്റിവെച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്വര്‍ണശേഖരം നിറച്ച ട്രെയിന്‍ ഒളിപ്പിച്ചുവെച്ച സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
70 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ ഈ ട്രെയിന്‍ അപ്രത്യക്ഷമാകുകയായിരുന്നു. 1950കളിലാണ് ഈ ട്രെയിനിനെ കുറിച്ച് 85കാരനായ സ്ലോവികോവ്‌സ്‌കി കേള്‍ക്കുന്നത്. അന്വേഷണത്തിനൊടുവില്‍ പല രഹസ്യങ്ങളും അദ്ദേഹം കണ്ടെത്തിയിരുന്നു. ട്രെയിന്‍ ഈ പ്രദേശത്ത് ഒളിപ്പിക്കുന്നത് കാണാനിടയായ ഒരു കുടുംബത്തെ നാസികള്‍ കൊലപ്പെടുത്തിയതായും ഇവരുടെ വീട് ഇടിച്ചുനിരപ്പാക്കിയതായും സ്ലോവികോവ്‌സ്‌കി വാദിക്കുന്നു. ഇതിന് പുറമെ ട്രെയിന്‍ ഒളിപ്പിച്ചുവെച്ച സ്ഥലത്തേക്കുള്ള പ്രവേശന കവാടത്തിനടുത്ത് വരെ താന്‍ എത്തിയിരുന്നതായും എന്നാല്‍ തനിക്ക് നേരെ വന്‍ ഭീഷണി ഇതിനെ തുടര്‍ന്നുണ്ടാകുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നായയെ അജ്ഞാതര്‍ വിഷം നല്‍കി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഈ യജ്ഞത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സ്വന്തം ജീവന്‍ തന്നെ വിലനല്‍കേണ്ടി വരുമെന്ന് നിരവധി ഭീഷണികള്‍ ഇദ്ദേഹം നേരിട്ടിരുന്നു.
1945ല്‍ സായുധ സന്നാഹത്തോടെ എത്തിയ ഒരു ട്രെയിന്‍ പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്ന് ഇവിടത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. കുന്നിന് താഴെ 100 മീറ്റര്‍ നീളമുള്ള ഒരു ട്രെയിനിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതായി പോളിഷ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഈ ട്രെയിനില്‍ സ്വര്‍ണ ശേഖരമല്ല, ഇതന്വേഷിച്ചെത്തുന്നവരെ ഇല്ലായ്മ ചെയ്യാനുള്ള വന്‍ സ്‌ഫോടക വസ്തുക്കളാകാമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ട്രെയിന്‍ ഒളിപ്പിച്ചുവെന്ന് കരുതപ്പെടുന്ന പ്രദേശത്ത് കുഴി ബോംബുകളും കെണികളും ഉള്‍പ്പെടും നിരവധി വെല്ലുവിളികള്‍ അന്വേഷകര്‍ നേരിടേണ്ടി വരും. ഇതിനുള്ള ചില തെളിവുകള്‍ ലഭിച്ചതായി അധികൃതര്‍ പറയുന്നു. ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.