പ്രമോദ് മുത്തലിക്കിന് ഗോവയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

Posted on: September 1, 2015 6:02 am | Last updated: September 1, 2015 at 10:03 am

pramod-muthalikന്യൂഡല്‍ഹി: ശ്രീറാം സേന തലവന്‍ പ്രമോദ് മുത്തലിക്കിന് ഗോവയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. മംഗലാപുരത്ത് സദാചാര പോലീസ് ചമയുന്ന ശ്രീറാം സേനയെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു.
സംഘടന എന്താണ് മംഗലാപുരത്ത് ചെയ്യുന്നതെന്ന് ചോദിച്ച കോടതി നിങ്ങള്‍ സദാചാര പോലീസ് ചമയുകല്ലേയെന്നും പബുകളില്‍ എത്തുന്ന പെണ്‍കുട്ടികളെ ആക്രമിച്ചില്ലേയെന്നും ആരാഞ്ഞു. ഗോവയില്‍ പ്രവേശിക്കുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞ ഹൈക്കോടതി വിധിയെ ന്യായീകരിക്കാവുന്നതാണ്. ആറു മാസത്തേക്ക് മുത്തലിക്കിനെ വിലക്കിക്കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഗോവയില്‍ സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
2009ല്‍ മംഗലാപുരത്ത് പബില്‍ സ്ത്രീകളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയാണ് മുത്തലിക്. ഇയാള്‍ ഗോവയില്‍ എത്തുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഗോവ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഹൈക്കോടതിയില്‍ മുത്തലിക്ക് വിലക്കിനെ ചോദ്യം ചെയ്തുവെങ്കിലും കോടതി ഇത് ശരിവെച്ചു.