‘വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍’ :സമരക്കാരുടെ ആവശ്യം നടപ്പാക്കാനാകില്ല- ധനമന്ത്രി

Posted on: September 1, 2015 10:02 am | Last updated: September 1, 2015 at 10:02 am

arun-jaitley_budget2015ന്യൂഡല്‍ഹി: ‘വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍’ സമരക്കാരുടെ പെന്‍ഷന്‍ പുതുക്കല്‍ ആവശ്യം നടപ്പാക്കാനാകില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍, നേരത്തെ വിരമിക്കുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം അംഗീകരിക്കും. മാസത്തിലോ വര്‍ഷത്തിലോ പെന്‍ഷന്‍ പുതുക്കുന്ന രീതി ലോകത്തൊരിടത്തും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍’ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കിലും കണക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് നിലനില്‍ക്കുന്നുണ്ട്. പെന്‍ഷന്‍ പുതുക്കിക്കൊണ്ടിരുന്നാല്‍ ഇത് നടപ്പാകില്ല. തനിക്ക് ഈ കാര്യത്തില്‍ സ്വന്തം ഫോര്‍മുലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഴാമത് ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പില്‍ വരുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു. അതേസമയം ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന വിമുക്തഭടന്മാര്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ ബി ജെ പി നേതാവുമായ രാം ജഠ്മലാനി രംഗത്തെത്തി. മോദിയില്‍ തനിക്കുള്ള പ്രതീക്ഷകളും സ്വപ്‌നങ്ങളും അദ്ദേഹം പരാജയപ്പെടുത്തി. ബി ജെ പിയുടെ സ്ഥാപക നേതാക്കളില്‍ ഒരുവന്‍ കൂടിയായിരുന്നിട്ടും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളിയെന്ന് ജഠ്മലാനി പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയക്കാര്‍ പൊതുവെ രാജ്യത്തെ ഒന്നടങ്കം നിരാശപ്പെടുത്തുകയാണ്. ഒരു രാഷ്ട്രീയക്കാരനെന്നു പറയാന്‍ തനിക്ക് ലജ്ജയുണ്ട്. എന്നാല്‍ സ്വന്തം സുഹൃത്തുക്കളെയും രാജ്യത്തെ ഒന്നടങ്കവും തരംതാഴ്ത്തുന്ന രാഷ്ട്രീയക്കാരെ പോലെയല്ല താനെന്നും ജഠ്മലാനി പറഞ്ഞു. ജന്ദര്‍ മന്തറില്‍ വിമുക്ത ഭടന്മാരുടെ സമരം 78ാം ദിവസത്തേക്ക് കടന്നവേളയിലാണ് മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ജഠ്മലാനി എത്തിയത്.