തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം

Posted on: August 30, 2015 9:27 am | Last updated: August 30, 2015 at 9:27 am
SHARE

voteതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് എന്ന് നടക്കുമെന്നതില്‍ കോടതിയുടെ തീര്‍പ്പിനായി കാത്തിരിക്കുമ്പോഴും ഒരുക്കങ്ങള്‍ക്ക് വേഗം കൂട്ടി മുന്നണികള്‍ കളത്തിലേക്ക്. സീറ്റ് വിഭജന ചര്‍ച്ചകള്‍ നേരത്തെ പൂര്‍ത്തീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ കൊഴുപ്പിക്കാനൊരുങ്ങുകയാണ് പാര്‍ട്ടികള്‍. യു ഡി എഫിന് ഇത് നിലനിര്‍ത്താനെങ്കില്‍ എല്‍ ഡി എഫിന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കുകയെന്ന വലിയ സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പാണ് ബി ജെ പിക്ക് തദ്ദേശ തിരഞ്ഞെടുപ്പ്. പ്രാദേശിക കൂട്ടുകെട്ടുകളും ചെറുകക്ഷികളും തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്നതിനാല്‍ ഇത്തരം നീക്കുപോക്കുകള്‍ക്കും അണിയറയില്‍ കരുനീക്കം ശക്തം.
2010ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റം സീറ്റ് വിഭജനത്തിലും പ്രതിഫലിക്കും. യു ഡി എഫ് വിട്ട ജെ എസ് എസ്, സി എം പി കക്ഷികളിലെ ഒരു വിഭാഗത്തിന് എല്‍ ഡി എഫ് ഇടം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ മുന്നണി മാറിയ ആര്‍ എസ് പിയുടെ സീറ്റ് കാര്യം എങ്ങനെ വേണമെന്ന് യു ഡി എഫിനും തീരുമാനിക്കണം. ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരളാകോണ്‍ഗ്രസിനോട് എല്‍ ഡി എഫ് എന്ത് സമീപനം സ്വീകരിക്കുമെന്നതും നിര്‍ണായകം.
ഇരുമുന്നണികള്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ ഫോര്‍മുല രൂപപ്പെടുത്തേണ്ടതുണ്ട്. സിറ്റിംഗ് മെമ്പര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ക്ക് അതാത് സീറ്റുകള്‍ നല്‍കുകയെന്ന നയമാകും കളം മാറിയ കക്ഷികളുടെ കാര്യത്തില്‍ ഇരുമുന്നണികളും സ്വീകരിക്കുക. ആര്‍ എസ് പി. യു ഡി എഫിന്റെ ഭാഗമായെങ്കിലും യു ഡി എഫ് വിട്ട ജെ എസ് എസിന്റെയും സി എം പിയുടെയും കേരളാ കോണ്‍ഗ്രസ് ബിയുടെയും കാര്യത്തില്‍ സ്ഥിതി മറിച്ചാണ്. യു ഡി എഫ് വിട്ടുവന്ന ഇവരെ സഹകരിപ്പിക്കുന്നുണ്ടെങ്കിലും ഘടക കക്ഷിയാക്കിയിട്ടില്ല. വര്‍ഷങ്ങളായി എല്‍ ഡി എഫ് പ്രവേശം കാത്തിരിക്കുന്ന ഐ എന്‍ എല്ലിന്റെ കാര്യത്തില്‍ ഇനിയുമൊരു തീരുമാനം എടുക്കാന്‍ കഴിയാത്തതാണ് മറ്റുകക്ഷികള്‍ക്കും തടസ്സമാകുന്നത്.
കക്ഷികള്‍ക്കിടയില്‍ വന്ന മുന്നണി മാറ്റം തദ്ദേശ സ്ഥാപനങ്ങളില്‍ കാര്യമായി പ്രതിഫലിച്ചിരുന്നില്ല. ആര്‍ എസ് പി മുന്നണി മാറിയപ്പോള്‍ കൊല്ലത്തും തിരുവനന്തപുരത്തും ഭരണമാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആര്‍ എസ് പി കൗണ്‍സിലര്‍മാരെയെല്ലാം കൂടെ നിര്‍ത്തുകയായിരുന്നു സി പി എം. സിറ്റിംഗ് പ്രതിനിധികളെന്ന നിലയില്‍ ഇവര്‍ക്ക് വീണ്ടും സീറ്റ് നല്‍കാന്‍ അതത് ഭരണ മുന്നണികള്‍ തയ്യാറാകും.
അരുവിക്കര ഫലം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. കണക്കുകൂട്ടലുകള്‍ക്ക് അപ്പുറം നല്‍കിയ വിജയം മുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫ് മുന്‍തൂക്കമെന്ന കേരളത്തിലെ പതിവ് 2010ലാണ് തെറ്റിയത്. 70 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും രണ്ട് കോര്‍പറേഷനുകളിലും ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസമാണ് പഞ്ചായത്ത്, മുനിസിപ്പല്‍ പുനര്‍വിഭജനത്തിന് വരെ മുന്നണിയെ പ്രേരിപ്പിച്ചതും.