ചമലില്‍ പച്ചക്കറി സംഭരണ വിതരണ കേന്ദ്രം ആരംഭിച്ചു

Posted on: August 28, 2015 2:19 pm | Last updated: August 28, 2015 at 2:19 pm
SHARE

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ചമലില്‍ കര്‍ഷക കൂട്ടായ്മയില്‍ എ ഗ്രേഡ് പച്ചക്കറി സംഭരണ വിതരണ കേന്ദ്രം ആരംഭിച്ചു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കാനും ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുത്താനുമാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ പച്ചക്കറി സംഭരണ വിപണന കേന്ദ്രം ആരംഭിച്ചത്. നൂറ്റി അന്‍പതോളം കര്‍ഷകര്‍ ചേര്‍ന്ന് രൂപവത്കരിച്ച ഹരിത ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ ഏതാനും വര്‍ഷമായി പച്ചക്കറി സംഭരിക്കുന്നുണ്ടെങ്കിലും എ ഗ്രേഡ് കേന്ദ്രമായുള്ള അംഗീകാരം ലഭിച്ചതോടെ വിപുലമായ സൗകര്യങ്ങളാരുക്കിയിരിക്കുകയാണ്.
കര്‍ഷകര്‍ വിളയിക്കുന്ന പച്ചക്കറികള്‍ക്ക് മാന്യമായ വില നല്‍കുന്നതോടൊപ്പം ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജായി ഒരു കിലോക്ക് ഒരു രൂപ വീതം നല്‍കും. ആഴ്ചയിലൊരിക്കല്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ട്. സമീപ ഭാവിയില്‍ പൂര്‍ണമായും ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യുന്ന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷി ഓഫീസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന കാര്‍ഷിക സെമിനാര്‍ ലീഡ് ബേങ്ക് ഡിവിഷനല്‍ മാനേജര്‍ കെ ഭുവന്‍ ദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താര അബ്ദുര്‍റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ക്ലസ്റ്റര്‍ സെക്രട്ടറി ഇ കെ അഗസ്റ്റിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജമീല ഉസ്മാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മാ ജോസഫ്, അംഗങ്ങളായ പ്രേംജി ജെയിംസ്, ബിജു കണ്ണന്തറ, ഷാഹിം ഹാജി, സി പി നിസാര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ സ്വാഗതവും എന്‍ കെ വേലായുധന്‍ നന്ദിയും പറഞ്ഞു.