കുഴല്‍പണക്കടത്ത്; കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് പോലീസ്

Posted on: August 27, 2015 3:05 pm | Last updated: August 27, 2015 at 3:05 pm
SHARE

hawala-racket-uae_261പെരിന്തല്‍മണ്ണ: ആറ് കോടി രൂപ വില വരുന്ന 13 കിലോ സ്വര്‍ണവും രണ്ടേമുക്കാല്‍ കോടി രൂപയുടെ കുഴല്‍പ്പണവും പിടികൂടിയ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു.

ജില്ലയിലെയും സമീപ ജില്ലകളിലെയും ഇത്തരം പണമിടപാട് നടത്തുന്ന ഏജന്‍സികള്‍, കരിയര്‍മാര്‍, കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച് പോലീസിന് ഇതിനകം വ്യക്തമായ സൂചനകള്‍ ലഭിച്ചുവെന്നാണറിയുന്നത്. പെരിന്തല്‍മണ്ണക്കടുത്ത കരിങ്കല്ലത്താണിയില്‍ വെച്ചാണ് അഞ്ച് പേരടങ്ങിയ സംഘത്തെ പെരിന്തല്‍മണ്ണ സി ഐ കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച മാരുതി എസ് എക്‌സ് ഫോര്‍ കാറിന്റെ രഹസ്യ അറയിലായിരുന്നു ഇത്രയും വലിയ സംഖ്യയുടെ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചിരുന്നത്. മൂന്ന് പേരുടെയും അരയില്‍ ബെല്‍റ്റ് രൂപത്തില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണകട്ടികള്‍ സൂക്ഷിച്ചിരുന്നത്.
കാറിന്റെ ഉടമയെ കുറിച്ച് പോലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. കാറില്‍ രഹസ്യ അറ നിര്‍മിച്ചവര്‍ക്കും ഷോപ്പിനെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
പിടികൂടിയ സ്വര്‍ണം യു എ ഇ, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുടെയും കൗണ്‍ മുദ്രയുള്ളവയാണ്. അതുകൊണ്ടുതന്നെ ഏത് വിമാനത്താവളം വഴിയാണ് ഈ സ്വര്‍ണം ഇന്ത്യയിലെത്തിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കസ്റ്റംസ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ഇന്‍കം ടാക്‌സ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച്, റവന്യൂ ഇന്റലിജന്‍സ് വിഭാഗം എന്നിവരും ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും ഹവാല റാക്കറ്റുകള്‍, കള്ളനോട്ട് സംഘങ്ങള്‍ സജീവമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞാഴ്ചയിലാണ് അന്തര്‍സംസ്ഥാന തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരെ പെരിന്തല്‍മണ്ണ സി ഐയും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍ നിന്നുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച ഹവാലസംഘം വലയിലായത്. തുടരന്വേഷണത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.