സംസ്ഥാന സാഹിത്യോത്സവ് നഗരി ഉണര്‍ന്നു

Posted on: August 27, 2015 12:14 am | Last updated: August 27, 2015 at 12:14 am
SHARE

sahityotsav lolgoകോഴിക്കോട് : ഈ മാസം 28,29 തീയതികളില്‍ നടക്കുന്ന എസ് എസ് എഫ് ഇരുപത്തിരണ്ടാമത് സംസ്ഥാന സാഹിത്യോത്സവിന് കാരന്തൂര്‍ മര്‍കസില്‍ നഗരി ഒരുങ്ങി. സ്വാഗത സംഘം ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. 6300 യൂനിറ്റുകളിലും 509 സെക്ടറുകളിലും 88 ഡിവിഷനുകളിലും 14 ജില്ലകളിലും സാഹിത്യോത്സവ് പൂര്‍ത്തീകരിച്ച ശേഷമാണ് സംസ്ഥാന മത്സരം നടക്കുന്നത്. 2520 മത്സരാര്‍ത്ഥികളാണ് സംസ്ഥാന സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്.
സാഹിത്യോത്സവിന് തുടക്കം കുറിച്ച് നാളെ ഉച്ചക്ക് 2.30ന് സാംസ്‌കാരിക ഘോഷയാത്ര കാരന്തൂരില്‍ നിന്നാരംഭിക്കും. വിവിധ ജില്ലകള്‍ അവതരിപ്പിക്കുന്ന പ്ലോട്ടുകള്‍ക്കു പുറമെ കോഴിക്കോട് ജില്ലയിലെ വിവിധ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകള്‍ ഘോഷയാത്രക്ക് മിഴിവേകും. ഘോഷയാത്ര സാഹിത്യോത്സവ് നഗരിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.മന്ത്രി മഞ്ഞളാംകുഴി അലി സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അദ്ധ്യക്ഷത വഹിക്കും. ഈ വര്‍ഷത്തെ സാഹിത്യോത്സവ് പുരസ്‌കാരം എഴുത്തുകാരന്‍ എം എ റഹ്മാന് ചടങ്ങില്‍ സമ്മാനിക്കും. 33333 രൂപയും ഫലകവും അടങ്ങിയതാണ് സാഹിത്യോത്സവ് അവാര്‍ഡ്.
എസ് എസ് എഫ് സാംസ്‌കാരിക വിഭാഗമായ കലാലയത്തിന്റെ വെബ്‌സൈറ്റ്, സാഹിത്യോത്സവ് ആപ്ലിക്കേഷന്‍ എന്നിവയുടെ ലോഞ്ചിംഗ് ഉദ്ഘാടന സംഗമത്തില്‍ നടക്കും. എ പി കരീം ഹാജി ചാലിയം വിദ്യഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, തോപ്പില്‍ മുഹമ്മദ് മീരാന്‍, അഡ്വ. പി ടി എ റഹീം എം എല്‍ എ, ഡോ. കെടി ജലീല്‍ എം എല്‍ എ, ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിക്കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുള്ള, എ കെ ഇസ്മായില്‍ വഫ, എന്‍ എം സ്വാദിഖ് സഖാഫി, വി അബ്ദുല്‍ ജലീല്‍ സഖാഫി, ആര്‍ പി ഹുസൈന്‍ സംബന്ധിക്കും. ഉദ്ഘാടന സംഗമത്തിന് ശേഷം, 12 വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും. ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെകണ്ടറി, സീനിയര്‍, കാമ്പസ്, ജനറല്‍ വിഭാഗങ്ങളിലായി 91 ഇനങ്ങളില്‍ മത്സരം നടക്കും. മാപ്പിള കലകളുടെ പരിപോഷണം മുഖ്യ ലക്ഷ്യമായി സംഘടിപ്പിക്കപ്പെടുന്ന സാഹിത്യോത്സവില്‍ പരമ്പരാഗത കലകളായ ദഫ്, അറബന, മാപ്പിളപ്പാട്ട്, മാലപ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമെ സീറാ പാരായണം, ഖവാലി എന്നീ പുതിയ ഇനങ്ങള്‍ കൂടി ഈ പ്രാവശ്യം മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഥ, കവിത, പ്രസംഗം, പോസ്റ്റര്‍ ഡിസൈനിംഗ്, ഡിജിറ്റല്‍ ഡിസൈനിംഗ് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന മത്സര ഇനങ്ങളാണ് സാഹിത്യോത്സവിലുള്ളത്. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി പ്രാര്‍ത്ഥന നടത്തും.