Connect with us

Malappuram

സ്വലാഹു.. നീ എത്ര ഭാഗ്യവാന്‍..!

ഏഴ് മാസം മുമ്പാണത്. വന്ദ്യരായ താജുല്‍ഉലമ (ഖ.സി) മഹാനവര്‍കളുടെ ഒന്നാം ഉറൂസ് നടക്കുന്നു. അന്നദാനം സ്വീകരിച്ച് ബര്‍കത്ത് കരസ്ഥമാക്കുന്നതിന് മത്സരിക്കുകയായിരുന്നു ജനസഞ്ചയം. അപ്രതീക്ഷിതമായ തിരക്കില്‍ പെട്ടെന്ന് അവിടെ ഒരു ചെറുപ്പക്കാരന്‍ ചാടിവീണു. കൂട്ടംകൂടി നിന്നവരെ വകഞ്ഞുമാറ്റി. പ്ലേറ്റുകളെടുത്ത് ഭക്ഷണം വിളമ്പി. ഇരിക്കുന്ന മുഴുവന്‍ പേര്‍ക്കും എത്തിച്ചുകൊടുത്തു. ശേഷം മറ്റുള്ളവരെ വരിയായി നിര്‍ത്തി. അവര്‍ക്കും അനായാസം വിതരണം നടത്തി. എല്ലാവര്‍ക്കും ഭക്ഷണം കിട്ടിയ സംതൃപ്തി. സംഘാടകര്‍ക്ക് സുഗമമായി വിതരണം നടന്നതിലെ സായൂജ്യം. അവര്‍ ആ ചെറുപ്പക്കാരന്റെ കൈപിടിച്ചു നന്ദി പറഞ്ഞു പരിചയപ്പെട്ടു. “ഞാന്‍ മലപ്പുറം കക്കോവ് സ്വദേശിയാണ്. പേര് സ്വലാഹുദ്ദീന്‍”.
സ്വലാഹു അങ്ങനെയായിരുന്നു. എവിടെയാണ് സേവനം ആവശ്യമുള്ളത്, അവിടെ ആലോചിച്ചു നില്‍ക്കില്ല. എസ് എസ് എഫ് പ്രവര്‍ത്തകനായി വളര്‍ന്ന സ്വലാഹുവിന് സേവനം തന്നെയായിരുന്നു ജീവിതം. ആഗസ്റ്റ് 18 ചൊവ്വ. സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടില്‍ വന്നുകയറിയതേയുള്ളൂ. വാഴയൂര്‍ റീജ്യനല്‍ എസ് എം എ പ്രസിഡന്റ് കെ വി ഹംസ മുസ്‌ലിയാരുടെ ഫോണ്‍ വന്നു. “നമ്മുടെ സ്വലാഹു മരിച്ചുകിടക്കുകയാണ്. ഒന്ന് വന്ന് എടുത്തുകിടത്തണം”. വിശ്വാസം വരാന്‍ ഏറെ സമയമെടുത്തു. തലേദിവസം സ്വലാഹു ഉറങ്ങുമ്പോള്‍ പന്ത്രണ്ട് മണിയായിക്കാണും. തന്റെ നാട്ടില്‍ നടക്കുന്ന കൊണ്ടോട്ടി ഡിവിഷന്‍ സാഹിത്യോത്സവിന്റെ ഒരുക്കത്തിലായിരുന്നു. ഞായറാഴ്ച സാഹിത്യോത്സവ് സമാപിച്ചു. തിങ്കളാഴ്ച പന്തലിന്റെ മറ്റും വസ്തുവകകള്‍ എല്ലായിടത്തും എത്തിച്ചു. ക്ഷീണിച്ചു തളര്‍ന്ന് ഉറങ്ങാന്‍ വീട്ടിലെത്തിയതാണ്. പന്ത്രണ്ട് മണിക്ക് മുമ്പ് അവസാനമായി പന്തലിന്റെ ചാര്‍ജുണ്ടായിരുന്ന കണ്‍വീനറെ ഫോണില്‍വിളിച്ചു. “കോട്ടുപാടത്തേയും കാരാട്ടിലേയം പായകള്‍ മാറിപ്പോയത് നാളെ നോക്കി ശരിയാക്കിക്കൊടുക്കാം. നീ പത്തുമണിക്ക് വന്നാല്‍ മതി. ഇന്‍ശാ അല്ലാഹ് ഞാനുമുണ്ടാകും. നമുക്കത് നാളെ തീര്‍ക്കണം”- അല്ലാഹുവിന്റെ വിധി. സ്വലാഹു പിറ്റേദിവസം ഉണര്‍ന്നില്ല.
രാവിലെ തന്നെ സിറാജ് പത്രം മുഴുവനായും നോക്കിത്തീര്‍ക്കും. “ഇന്ന് ഈ സ്ഥലത്ത് പരിപാടിയുണ്ട്. നമുക്ക് പോകണം” എന്ന് പറഞ്ഞ് കൂട്ടുകാരെ കൂട്ടി യാത്രതിരിക്കും. ഇന്ന് വൈകുന്നേരം ഏഴിന് കക്കോവ് അങ്ങാടിയില്‍ അനുസ്മരണ സമ്മേളനവും ബുര്‍ദ മജ്‌ലിസും നടക്കും. സ്വലാഹുവിന്റെ മുഴുവന്‍ കൂട്ടുകാരേയും പരിചയക്കാരേയും ക്ഷണിക്കുകയാണ്.