വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും

Posted on: August 26, 2015 12:11 am | Last updated: August 27, 2015 at 12:37 am
SHARE

ന്യൂഡല്‍ഹി: പ്രതിഷേധം ശക്തമായതോടെ ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ (വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍) പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനുമായുള്ള 1965ലെ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷിക ദിനമായ ആഗസ്റ്റ് 28ന് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നരേന്ദ്ര മോദിയുമായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അവസാന ഘട്ട നടപടികള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്.
രണ്ട് പതിറ്റാണ്ടായി ആവശ്യപ്പെട്ടുവരുന്ന വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച മൂന്ന് സൈനികര്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നിരാഹാര സമരത്തിലാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സമരത്തെ തുടര്‍ന്ന് നേതാക്കളുമായി പ്രധാനമന്ത്രിയുടെ ഓഫീസ് അധികൃതര്‍ ചര്‍ച്ച നടത്തുകയും പത്ത് ദിവസത്തെ സമയം കൂടി തേടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി. മുപ്പത് ലക്ഷത്തിലധികം വിരമിച്ച സൈനികര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.