സൈബര്‍ കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ കൂടുന്നു

Posted on: August 26, 2015 6:00 am | Last updated: August 27, 2015 at 12:37 am
SHARE

cyber-SEARCHLAKEകണ്ണൂര്‍: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നതായി ആഭ്യന്തര വകുപ്പ്്. ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും അത്യാധുനിക ഫോണുകളുടെയും കടന്നുവരവ് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടാനും സ്വഭാവം വ്യത്യസ്തമാകാനും കാരണമായതായും ആഭ്യന്തര വകുപ്പ് കണ്ടെത്തി.
2010 ല്‍ 172 സൈബര്‍ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2015 ല്‍ ജൂലൈ 14 വരെയുള്ള കാലയളവില്‍ 192 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും ഈയിനത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010 ലേതിനെ അപേക്ഷിച്ച് 66 ശതമാനം വര്‍ധനയാണ് 2011 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2011 ല്‍ ഇത് 285 ആണ്. 2012 ല്‍ 324 ഉം 2013 ല്‍ 390 ഉം 2014 ല്‍ 466 ഉം കേസുകളാണ് ഇതു സംബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. വര്‍ധനയുടെ തോത് കണക്കാക്കിയാല്‍ 2012 ല്‍ 13.6 ശതമാനവും 2013 ല്‍ 20.37 ശതമാനവും 2014 ല്‍ 19.49 ശതമാനവും വര്‍ധനയുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2015 ല്‍ അത് വീണ്ടും വര്‍ധിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ കൂടുതലായി ലഭിക്കുന്നത് ഫേസ്ബുക്കും വാട്‌സ്ആപ്പും വഴിയുള്ള പരാതിയാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പണതട്ടിപ്പുകളും ഫോട്ടോ മോര്‍ഫിംഗുമായിരുന്നു നേരത്തെയുണ്ടായിരുന്ന പരാതിയെങ്കില്‍ ഇന്ന് ഫേസ്ബുക്കും വാട്‌സ്ആപ്പും വഴിയുള്ള വ്യക്തിഹത്യകളാണു വര്‍ധിച്ചിരിക്കുന്നത്. വ്യക്തിഹത്യകള്‍ കൂടുതലായി പ്രചരിപ്പിക്കുന്നതു ഫേസ്ബുക്ക് വഴിയാണ്.
ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്ന കേസില്‍ പ്രതിക്കെതിരെ ഐ ടി ആക്ട് പ്രകാരവും ഐ പി സി പ്രകാരവും നടപടിയെടുക്കാന്‍ വകുപ്പുണ്ട്. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടിയതോടെയാണു സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്. നാല് കോടിയോളം മൊബൈല്‍ കണക്ഷനുകളാണ് സംസ്ഥാനത്തുള്ളത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ മിക്കതും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
കൗമാര പ്രായക്കാരായ കുട്ടികളാണ് പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളുടെ ഇരകളായി മാറുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളാണ് സൈബര്‍ കേസുകളില്‍ സംസ്ഥാനത്ത് കൂടുതലുള്ളത്. ഹൈടെക് രീതിയിലുള്ള മോഷണങ്ങള്‍ കുറവാണ്. മെയിലുകളും സൈറ്റുകളും ഹാക്ക് ചെയ്യുന്നത് അപൂര്‍വമായേ സംഭവിക്കുന്നുള്ളൂ. സൈബര്‍ കേസുകള്‍ വര്‍ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനും പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം വിംഗും എല്ലാ ജില്ലകളിലും സൈബര്‍ സെല്ലുകളും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നത് സൈബര്‍ സെല്ലുകള്‍ മുഖേനയാണ്. ഇതുകൂടാതെ സംസ്ഥാനതലത്തില്‍ പരാതികള്‍ അന്വേഷിക്കുന്നതിനായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്ലും പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.