കലാപ്രതിഭകളെ സ്വീകരിക്കാന്‍ മര്‍കസ് ഒരുങ്ങി

Posted on: August 25, 2015 12:01 am | Last updated: August 25, 2015 at 12:01 am
SHARE

sahityotsav lolgoകുന്ദമംഗലം: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിനെത്തുന്ന കലാപ്രതിഭകളെ സ്വീകരിക്കാന്‍ മര്‍കസ് ഒരുങ്ങി. ഈമാസം 28, 29 തീയതികളില്‍ നടക്കുന്ന 22-ാമത് സാഹിത്യമത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ ഒന്നാം വേദിയുടെയും പന്തലിന്റെയും നിര്‍മാണം പൂര്‍ത്തിയായി.
യതീംഖാനയിലെയും ഐ ടി സിയിലെയും വേദിയുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറായിട്ടുണ്ട്.
ഉച്ചഭാഷിണികളും സ്ഥാപിച്ചുകഴിഞ്ഞു. വേദിക്ക് സമീപവും പരിസരങ്ങളിലും ആകര്‍ഷകമായ കമാനങ്ങളും തോരണങ്ങളും നിറഞ്ഞുകഴിഞ്ഞു. മര്‍കസ് നോളജ് സിറ്റിയുടെ കുറ്റിയടിക്കല്‍ കര്‍മത്തിനിടെ വാഹനാപകടത്തില്‍ മരിച്ച എസ് എസ് എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ബാദുഷയുടെ പേരില്‍ മര്‍കസിലേക്ക് കടന്നുവരുന്ന ഭാഗത്ത് കവാടം സ്ഥാപിച്ചു.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുമായി 104 ഇനങ്ങളില്‍ 1986 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരക്കും. ഏഴ് വേദികളാണ് ഇതിന് വേണ്ടി തയ്യാറാക്കിയത്.
27ന് മൂന്ന് മണിക്ക് മാവൂര്‍ വിദ്യാനഗറില്‍ നിന്ന് മുന്‍ സംസ്ഥാന ട്രഷറര്‍ മുട്ടാഞ്ചേരി മുഹമ്മദ് അഹ്മദ്കുട്ടി സഖാഫി, മുന്‍ സെക്രട്ടറി ജി അബൂബക്കര്‍ നയിക്കുന്ന പതാകജാഥയും താമരശ്ശേരി മദീനാ മഖ്ദൂമില്‍ നിന്ന് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കലാം മാവൂര്‍ എന്നിവര്‍ നയിക്കുന്ന കൊടിമരജാഥയും മര്‍കസിലെത്തും. വൈകീട്ട് നാലിന് സാംസ്‌കാരിക സായാഹ്നം നടക്കും.
പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തും. 28ന് രചനാമത്സരങ്ങള്‍ ആരംഭിക്കും. ഉച്ചക്ക് 2.30ന് താഴെ കാരന്തൂരില്‍ നിന്ന് മര്‍കസിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും.
സാഹിത്യോത്സവ് പ്രശസ്ത സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ ഉദ്ഘാടനം ചെയ്യുമെന്ന് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് സഖാഫി മായനാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍, കെ ടി ജലീല്‍ എം എല്‍ എ, ബല്‍റാം എം എല്‍ എ, പി ടി എ റഹീം എം എല്‍ എ, കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത് ഐ എസ് പങ്കെടുക്കും