ചേനപ്പാടി വീട് നിര്‍മാണത്തിലെ ക്രമക്കേട്: സി പി എം പ്രക്ഷോഭത്തിലേക്ക്

Posted on: August 24, 2015 9:44 am | Last updated: August 24, 2015 at 9:44 am
SHARE

kkv
കാളികാവ്: ചേനപ്പാടി ആദിവാസികളുടെ വീട് നിര്‍മാണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്ന് സി പി എം കുറ്റപ്പെടുത്തി. ഐ ടി ഡി പി അധികൃതരും കരാറുകാരും ചേര്‍ന്ന് നടത്തുന്ന അഴിമതി അവസാനിപ്പിക്കണമെന്നും സി പി എം പറഞ്ഞു. നിര്‍മാണത്തിലുള്ള വീടിന്റെ തറകള്‍ പൊളിച്ച് മാറ്റി താമസയോഗ്യമായ വിധത്തില്‍ വീതികൂട്ടി നിര്‍മാണം നടത്തണമെന്നും നേതാക്കള്‍ പറഞ്ഞു.
ആയിരം രൂപയോളം ഒരു സ്‌ക്വയര്‍ ഫീറ്റിന് നിര്‍മാണ ചെലവാണ് പ്ലാനില്‍ ഉള്ളത്. എന്നാല്‍ 100 രൂപ പോലും ചെലവഴിക്കാതെയാണ് തറ നിര്‍മാണം തുടങ്ങിയിരിക്കുന്നത്. ഒരു ലോഡ് പോലും കരിങ്കല്ലുകള്‍ ഒരു വീടിന്റെ തറപ്പണിക്ക് ഉപയോഗിച്ചിട്ടില്ല. അര അടിപോലും താഴ്ചയില്ലാതെയാണ് തറ നിര്‍മിക്കുന്നത്. റൂമുകളുടെ ചുമരുകള്‍ക്കുള്ള തറക്ക് ഒരു അടയാളം പോലും ഇല്ലെന്നും സി പി എം ലോക്കല്‍ സെക്രട്ടറി ടി സുരേഷ്‌കുമാര്‍ പറഞ്ഞു. സ്ഥലവും വീടും അനുവദിക്കുന്നതിന് നിരന്തരം സമരങ്ങള്‍ നടത്തിയാണ് അനുമതി കിട്ടിയത്. വാര്‍ഡ് മെമ്പറെയോ ഗുണഭോക്താക്കളായ ആദിവാസികളേയോ പോലും അറിയിക്കാതെ നടത്തുന്ന പ്രവൃത്തി വന്‍ കൊള്ള ലക്ഷ്യം വെച്ചാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തറ നിര്‍മാണം നടത്തിയതിന് ശേഷം മാത്രം ലഭിക്കുന്ന ഒന്നാം ഗഡു ഈ പാവങ്ങളില്‍ നിന്ന് ഒപ്പിട്ട് വാങ്ങി ആദ്യം തന്നെ കൈവശപ്പെടുത്തിയിട്ടുണ്ട്. 52,000 രൂപ വീതമാണ് ഓരോവീടുകള്‍ക്കും വേണ്ടി ഒന്നാം ഗഡു കരാറുകാരന്‍ കൈക്കലാക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ ആദിവാസികളോടുള്ള സമീപനമാണ് ചേനപ്പാടിക്കാരോടും കാണിക്കുന്നതെന്ന് സി പി എം ചോക്കാട് ലോക്കല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. ഇവര്‍ക്ക് താമസയോഗ്യമായ വീട് നിര്‍മിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ജില്ലാകലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും സി പി എം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here