നൂറ് മീറ്ററിലെ ലോകരാജാവ് ഉസൈന്‍ ബോള്‍ട്ട തന്നെ

Posted on: August 23, 2015 6:52 pm | Last updated: August 24, 2015 at 5:48 pm
SHARE

usain-bolt-2a
ബെയ്ജിംഗ്: മറ്റൊന്നും സംഭവിച്ചില്ല. വേഗപ്പോരില്‍ തന്നെ വെല്ലാന്‍ ലോകത്ത് ആരുമില്ലെന്ന് വീണ്ടും തെളിയിച്ച് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണം. ഫൈനല്‍ പോരാട്ടത്തില്‍ 9. 79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് ജേതാവായത്.
9. 80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് വെള്ളി. ബോള്‍ട്ടിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ഗാറ്റ്‌ലിന്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് രണ്ടാമതെത്തിയത്. ഇത് മൂന്നാം തവണയാണ് ബോള്‍ട്ട് ലോക ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ സ്വര്‍ണമണിയുന്നത്. മൂന്നാം സ്ഥാനത്തിന് രണ്ട് പേര്‍ അര്‍ഹരായി. 9. 92 സെക്കന്‍ഡില്‍ 100 മീറ്റര്‍ മാര്‍ക്ക് കടന്ന അമേരിക്കയുടെ ട്രാവ്യോണ്‍ ബ്രോമലും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെയുമാണ് വെങ്കലം പങ്കിട്ടത്. അമേരിക്കയുടെ മൈക്ക് റോഡ്‌ജേര്‍സ് (9 .94) തൊട്ടടുത്ത സ്ഥാനത്തെത്തിയപ്പോള്‍ മത്സരത്തിലെ പ്രമുഖരായ ടൈസന്‍ ഗേയും (10 സെക്കന്‍ഡ്) അസഫ പവലും (10 സെക്കന്‍ഡ്) അതിനും പിറകിലായാണ് ഫിനിഷ് ചെയ്തത്. സ്വര്‍ണം നേടിയെങ്കിലും ബോള്‍ട്ടിന് പുതിയ റെക്കോര്‍ഡ് നേടാനായില്ല.
സെമിയില്‍ 9. 77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജസ്റ്റിന്‍ ഗാട്‌ലിനാണ് ഫൈനലില്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്നത്. സെമി ഫൈനലിലെ ആദ്യ ഹീറ്റ്‌സില്‍ ഓടിയ ബോള്‍ട്ട് 9. 96 സെക്കന്‍ഡിലാണ് ഫിനിഷിംഗ് ലൈന്‍ പിന്നിട്ടത്. ബോള്‍ട്ടിന്റെ കരിയറിലെ തന്നെ ഏറ്റവും മോശമായ സ്റ്റാര്‍ട്ടായിരുന്നു ഇത്. മൂന്നാം ഹീറ്റ്‌സില്‍ ടൈസന്‍ ഗേ 9. 96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. എന്നാല്‍ ഫൈനലില്‍ കഥമാറുകയായിരുന്നു. 2007ല്‍ ഒസാക്കോയില്‍ ടൈസണ്‍ ഗേക്ക് പിന്നിലായി വെള്ളി സ്വന്തമാക്കിയതോടെയാണ് ലോകം ബോള്‍ട്ടിനെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് നേട്ടങ്ങളുടെ പരമ്പര തന്നെ തീര്‍ത്തു. പരുക്ക് അലട്ടിയതിനാല്‍ ഒരുവര്‍ഷമായി ബോള്‍ട്ട് മത്സര രംഗത്ത് സജീവമല്ലായിരുന്നു. അതേസമയം, വനിതകളുടെ ഹെപ്റ്റാത്തലണ്‍ 800 മീറ്ററില്‍ ബ്രിട്ടന്റെ ജെസീക എനിസ് ഹില്‍ സ്വര്‍ണം നേടി. പ്രസവത്തെ തുടര്‍ന്ന് പതിമൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ജസീക ട്രാക്കില്‍ തിരിച്ചെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here