സംസ്ഥാനത്ത് ഉദ്യോഗസ്ഥ മേധാവിത്വം?

Posted on: August 22, 2015 9:08 am | Last updated: August 22, 2015 at 9:08 am
SHARE

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതി അനിശ്ചിതത്വത്തില്‍. പദ്ധതി നടത്തിപ്പില്‍ നിന്ന് ഡി എം ആര്‍ സിയെയും ശ്രീധരനെയും ഒഴിവാക്കി സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കാനുള്ള ഉദ്യോഗസ്ഥ മേധാവിയുടെ കരുനീക്കങ്ങളാണ് പ്രവര്‍ത്തനം അവതാളത്തിലാക്കുന്നത്. ധനവകുപ്പിന്റെ താത്പര്യവും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നതാണ്. ആഗോള ടെന്‍ഡര്‍ വിളിച്ച് സ്വകാര്യമേഖലയെ ഏല്‍പിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ ഉപദേശം മുഖവിലക്കെടുത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയും ജെയ്ക്ക വായ്പ സ്വീകരിച്ചും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പദ്ധതിക്കുള്ള ഫണ്ടില്‍ 20 ശതമാനം വീതം മാത്രമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കണ്ടെത്തേണ്ടതുള്ളൂ. ബാക്കി വിദേശ വായ്പയായി ലഭ്യമാക്കാമെന്ന് ശ്രീധരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാന്‍ ഇന്റര്‍നാഷനല്‍ ബേങ്ക് വായ്പ നല്‍കാന്‍ സന്നദ്ധത അറിയിച്ചതുമാണ്. ആവശ്യമെങ്കില്‍ കേന്ദ്രസംസ്ഥാന വിഹിതം പത്ത് ശതമാനം വീതമാക്കി ചുരുക്കി 80 ശതമാനം തുക വായ്പ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം മുമ്പോട്ടുവെച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യത തുച്ഛമായിരിക്കും. സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ അഞ്ച് മാസത്തിനകം നിര്‍മാണം തുടങ്ങാമെന്നും ശ്രീധരന്‍ ഉറപ്പ് നല്‍കിയതാണ്. ഡി എം ആര്‍ സി തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ടിന് കേരള റാപിഡ് ട്രാന്‍സിസ്റ്റ് കോര്‍പറേഷന്റെ അനുമതി ലഭിച്ചിട്ടുമുണ്ട്.
പക്ഷേ, ഉദ്യോഗസ്ഥ മേധാവികള്‍ കനിയുന്നില്ല. കേന്ദ്രത്തിനയച്ച റിപ്പോര്‍ട്ടില്‍ അവ്യക്തത വരുത്തി പദ്ധതി നടത്തിപ്പ് വൈകിപ്പിക്കാനാണ് അവരുടെ ശ്രമം. പദ്ധതിയുടെ അനിവാര്യത, എന്തുകൊണ്ട് മെട്രോ തിരഞ്ഞെടുത്തു തുടങ്ങിയ കാര്യങ്ങളില്‍ മതിയായ വിശദീകരണം സഹിതമുള്ള പഠന റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ഈ മാസം 12ന് കേരളം സമര്‍പ്പിച്ച പദ്ധതി രൂപരേഖയോടൊപ്പമുള്ള കുറിപ്പില്‍ ഇക്കാര്യങ്ങളൊന്നും ഉള്‍ക്കൊള്ളച്ചിെല്ലന്നാണ് വിവരം. ധനസമാഹരണ മാര്‍ഗമോ, മെട്രോ പദ്ധതികള്‍ തിരഞ്ഞെടുക്കാനുള്ള കാരണമോ വ്യക്തമാക്കിയിട്ടില്ല. കണ്‍സല്‍ട്ടന്‍സി, നിര്‍മാണക്കരാര്‍ ആര്‍ക്കാണെന്ന കാര്യവും വിട്ടുകളഞ്ഞു. അവ്യക്തവും അപൂര്‍ണവുമായ ഇത്തരമൊരു റിപ്പോര്‍ട്ടിന്മേല്‍, കേന്ദ്രം പദ്ധതി തള്ളിക്കളയാനോ തീരുമാനം വൈകാനോ ആണ് സാധ്യത. അതാണ് ഉദ്യോഗസ്ഥ മേധാവികളുടെ ആഗ്രഹവും. ഏത് വിധേനയും പദ്ധതി അവതാളത്തിലാക്കി ഡി എം ആര്‍ സിയെയും ശ്രീധരനെയും നടത്തിപ്പിന്റെ ചുമതലയില്‍ നിന്നൊഴിവാക്കുകയാണ് അവരുടെ ലക്ഷ്യം. ഡി എം ആര്‍ സിയെയും ശ്രീധരനെയും ഏല്‍പിച്ചാല്‍ ഇടത്തട്ടുകാരുടെ കാര്യം അവതാളത്തിലാകുമല്ലോ.
ഡി എം ആര്‍ സി നല്‍കിയ വിശദപദ്ധതി രേഖക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടും അക്കാര്യം പോലും ചീഫ് സെക്രട്ടറി മറച്ചുവെച്ചതും ഉദ്യോഗസ്ഥ ലോബിയുടെ കള്ളക്കളി വ്യക്തമാക്കുന്നുണ്ട്. ജൂലൈ 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതി രേഖ അംഗീകരിക്കുകയും അതിനാവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ തുക അനുവദിക്കുകയും കേന്ദ്ര സര്‍ക്കാരിനോടു പദ്ധതി വിഹിതം ആവശ്യപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. മുഖ്യമന്ത്രിയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനോട് പദ്ധതിവിഹിതം ആവശ്യപ്പെടുമെന്നും അതു ലഭിച്ചതിനു ശേഷം പദ്ധതിയെക്കുറിച്ചു കൂടുതല്‍ ആലോചിക്കുമെന്നുമാണ് മന്ത്രിസഭാ തീരുമാനമായി തന്റെ മിനുട്‌സില്‍ ചീഫ് സെക്രട്ടറി എഴുതി വെച്ചത്. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയ കാര്യം വിട്ടുകളഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കാത്ത പദ്ധതിക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുകയില്ലെന്ന് അറിഞ്ഞു കൊണ്ട് ആ നീക്കം പരാജയപ്പെടുത്തുകയായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം. മന്ത്രിസഭാ തീരുമാനത്തിന്റെ മിനുട്‌സ് മന്ത്രിമാര്‍ക്കു ലഭിച്ചപ്പോഴാണു ചീഫ് സെക്രട്ടറി വരുത്തിയ തിരിമറി അവര്‍ അറിയുന്നത്.
കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ജനപ്രതിനിധികള്‍ക്ക് ഇവിടെ വിലയില്ലെന്നും മന്ത്രി കെ പി മോഹനനും കെ. മുരളീധരനും മറ്റും പരാതിപ്പെട്ടിരുന്നു. അവരുടെ പരാതി സാധൂകരിക്കുന്നതാണ് മെട്രോ പദ്ധതികള്‍ക്കെതിരെ ചീഫ് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥ മേധാവികളും നടത്തുന്ന ചരടുവലികള്‍. ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ച സംഭവങ്ങള്‍ നിരവധിയാണ്. ജനാധിപത്യ ഭരണമല്ല, ഉദ്യോഗസ്ഥ മേല്‍ക്കോയ്മയാണ് ഇവിടെ നടക്കുന്നത്. സര്‍ക്കാറിന്റെയും ഭരണ മേധാവികളുടെയും കഴിവുകേടും കൊള്ളരുതായ്മയുമാണ് ഈയൊരു സ്ഥിതിവിശേഷത്തിന് കാരണം. ഭരണകൂടം ദൂര്‍ബലമാണെന്ന ബോധ്യമാണ് ഭരണകൂടത്തിന്റെ തീരുമാനം തിരുത്താനും അട്ടിമറിക്കാനും അവര്‍ക്ക് ധൈര്യം പകരുന്നത്. തന്റേടവും ആജ്ഞാശക്തിയുമുള്ള ഒരു ഭരണകൂടത്തിന്റെ തീരുമാനങ്ങളെ തിരുത്താനുള്ള ധൈര്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകില്ല.