Connect with us

Palakkad

അക്ഷയ സ്രോതസുകളെ പരമാവധി ഉപയോഗപ്പെടുത്തും: മന്ത്രി

Published

|

Last Updated

പാലക്കാട്: പാരമ്പര്യേതര സ്രോതസ്സുകള്‍ വിനിയോഗിച്ചുളള ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് കഞ്ചിക്കോട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഊര്‍ജ്ജവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
അക്ഷയ ഊര്‍ജ്ജ സ്രോതസ്സുകളെ പരമാവധി ഉപയോഗിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കുന്നത്. കഞ്ചിക്കോട് 220 കെവി സബ്‌സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷതവഹിച്ചു.
സോളാര്‍ പാനല്‍ ഉപയോഗിച്ചുളള വൈദ്യുതി നിര്‍മ്മാണത്തിന് സംസ്ഥാനത്തെ 10000 വീടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 8000 രൂപ സബ്‌സിഡിയായി നല്‍കും. അടുത്തമാസം നിലമ്പൂരില്‍ 300 മെഗാവാട്ടിന്റെ മിനി പ്രൊജക്ട് ഉദ്ഘാടനം നടത്തും. അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 4.5 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനുള്ള പദ്ധതിയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വര്‍ഷത്തില്‍ 3700 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരുന്നതില്‍ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തുനിന്നുമായി 3000 മെഗാവാട്ട് മാത്രമേ ലഭ്യമാകൂ. ബാക്കി വരുന്ന 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കേണ്ട അവസ്ഥയാണിന്ന്. ആറ് മാസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതി കഞ്ചിക്കോട് സൗരോര്‍ജ്ജ പദ്ധതി നാല് മാസംകൊണ്ട് പൂര്‍ത്തീകരിച്ചതില്‍ ബോഷ് ലിമിറ്റഡ് ബാംഗ്ലൂര്‍ കമ്പനിയെയും ഇതിന്റെ പ്രവര്‍ത്തനം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സഹായകമായ കെഎസ്ഇബിപ്രവര്‍ത്തകരെയും മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു.
അഞ്ച് ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന കഞ്ചിക്കോട് സൗരോര്‍ജ്ജ പദ്ധതിയില്‍ നിന്ന് പ്രതിവര്‍ഷം 163 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
62 കോടി ചിലവിട്ടാണ് പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, കെ എസ് ഇബി ചെയര്‍മാന്‍ എം ശിവശങ്കര്‍, റിന്യൂവബിള്‍ എനര്‍ജി സേവിംഗ്‌സ് ചീഫ് എന്‍ജിനീയര്‍ ആര്‍. സുകു, ഡയറക്ടര്‍ അഡ്വ. ബി. ബാബുപ്രസാദ്, ചീഫ് എഞ്ചിനീയര്‍ ജയിംസ് എം. ഡേവിഡ്, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം പ്രസിഡന്റ് വി രവീന്ദ്രന്‍, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ ശ്രീദേവിപങ്കെടുത്തു.