മോദി സര്‍ക്കാര്‍ പട്ടികവിഭാഗ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നു: പ്രകാശ് കാരാട്ട്

Posted on: August 19, 2015 12:43 am | Last updated: August 19, 2015 at 12:43 am
SHARE

Prakash karatതിരുവനന്തപുരം: മോദി സര്‍ക്കാര്‍ രാജ്യത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസന പദ്ധതികളെ അട്ടിമറിക്കുകയാണെന്ന് സി പി എം നേതാവ് പ്രകാശ് കാരാട്ട്. പട്ടിക വിഭാഗങ്ങളുടെ അവകാശങ്ങളും ജീവിതോപാധികളും ക്ഷേമ സംവിധാനങ്ങളും മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണ്. പട്ടികജാതി ക്ഷേമസമിതി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളിവര്‍ഗത്തിന് നേരേ പൊതുവെ കടുത്ത അവഗണനയാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ളഅവഗണനയും വിഭാഗീയതയും ഏറെ കടുത്തതാണ്. പട്ടികജാതി പ്രത്യേക ഘടകപദ്ധതിക്കുള്ള തുകയില്‍ 2015-16 സാമ്പത്തികവര്‍ഷം 12000 രൂപയുടെ വെട്ടിക്കുറവ് വരുത്തി. മുന്‍ വര്‍ഷം 430000 കോടി ആയിരുന്നത് 31000 കോടിയായാണ് കുറച്ചത്. പ്രത്യേക ഘടകപദ്ധതിയെ അട്ടിമറിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. പട്ടിക വിഭാഗങ്ങള്‍ക്ക് സഹായകമാകുന്ന എല്ലാ വികസന പദ്ധതികളിലും ക്ഷേമപദ്ധതികളിലും വന്‍ വെട്ടിക്കുറവാണ് വരുത്തുന്നത്. പ്രത്യേക ഘടകപദ്ധതി, ആദിവാസികള്‍ക്കുള്ള ഉപപദ്ധതി, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, അങ്കണവാടികള്‍ക്കുള്ള ഫണ്ട് എന്നിവക്കുള്ള തുക വലിയ തോതില്‍ വെട്ടിക്കുറച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങള്‍ മൂലം ഏറ്റവും വലിയ പ്രത്യാഘാതമാണ് പട്ടിക വിഭാഗങ്ങള്‍ നേരിടുന്നത്. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലയും ദുര്‍ബലമാക്കി സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുമ്പോള്‍ അതിന്റെ ദോഷഫലങ്ങള്‍ പട്ടികവിഭാഗങ്ങളെ പ്രതികൂലമായി സ്വാധീനിക്കും. സര്‍ക്കാര്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ സംവരണം മൂലം ഗുണഫലങ്ങള്‍ അനുഭവിച്ചിരുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ ഇപ്പോള്‍ സ്വകാര്യവത്കരണം ശക്തിപ്പെടുമ്പോള്‍ തൊഴിലും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും നഷ്ടപ്പെട്ട് ജീവിതദുരിതം നേരിടുകയാണ്. ഒപ്പം സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു.
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരം നിയമനം ഇല്ലാതാവുകയാണ്. കരാര്‍വത്കരണവും പുറംതൊഴിലും നടപ്പിലാക്കുന്നത് മൂലം സ്ഥിരം ജോലികളും അതുവഴി സംവരണവും ഇല്ലാതാക്കുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സംവരണത്തിന്റെ മാതൃകയില്‍ സ്വകാര്യ മേഖലയിലും സംവരണം ലഭ്യമാക്കാന്‍ നിയമനിര്‍മാണം നടത്തണം. ഏതൊക്കെ മേഖലയില്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നുണ്ടോ, അവിടെയെല്ലാം സംവരണം വേണം. കേരളത്തില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും നിര്‍ബന്ധമായും സംവരണം ഏര്‍പ്പെടുത്തണം. ഹൈക്കോടതി പോലും ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത് നിഷേധിക്കുകയാണ്. പട്ടികജാതി വിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.