ഇന്ത്യയില്‍ നിക്ഷേപത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

Posted on: August 18, 2015 10:51 pm | Last updated: August 18, 2015 at 10:51 pm
SHARE

അബുദാബി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വ്യവസായികളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസ്ദര്‍ സിറ്റിയില്‍ നടന്ന വാണിജ്യ പ്രമുഖരുടെ യോഗത്തിലാണ് പ്രധാനമന്ത്രി വ്യവസായികളെ ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ ക്ഷണിച്ചത്. 125 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനത ഒരു വിപണി മാത്രമല്ലെന്നും വന്‍ ശക്തി സ്രോതസാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷം കോടി ഡോളര്‍ മുതല്‍മുടക്കാനുള്ള സാധ്യതകളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. ഇന്ത്യക്കു അഞ്ചു കോടി ചെലവുകുറഞ്ഞ വീടുകള്‍ ആവശ്യമുണ്ടെന്നും അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ ഇതു പ്രവര്‍ത്തികമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
ചെലവു കുറഞ്ഞ വീടു നിര്‍മാണത്തില്‍ പുതിയ സാങ്കേതിക വിദ്യ കണ്ടെത്തുന്നതിനൊപ്പം നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വേണം. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. വികസനത്തിന് ഇന്ത്യയില്‍ തുറന്ന അവസരങ്ങളാണുള്ളത്. ലോകബേങ്കും ഐ എം എഫും ഉള്‍പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയും യു എ ഇയും ഒന്നിക്കുമ്പോള്‍ അത് ഏഷ്യയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കും. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളും യു എ ഇയുടെ ശക്തിയും ചേര്‍ന്നാല്‍ ഏഷ്യയുടെ നൂറ്റാണ്ടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകും. വന്‍കിട രാജ്യങ്ങള്‍ നിലതെറ്റിത്തുടങ്ങിയതോടെ ലോകത്തിന്റെ കണ്ണുകള്‍ ഇപ്പോള്‍ ഏഷ്യയിലാണ്. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. റയില്‍വേയില്‍ വിദേശനിക്ഷേപം നൂറു ശതമാനമാക്കി. പ്രതിരോധ നിര്‍മാണ മേഖലയിലും റിയല്‍ എസ്റ്റേറ്റ് രംഗത്തും ഒട്ടേറെ അവസരങ്ങളുണ്ട്.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സംഭരണ ശീതീകരണ ശാലകളും നിര്‍മിക്കേണ്ടതുണ്ട്. കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരണ സൗകര്യമില്ലാതെ നശിക്കുന്നത് കുറ്റകൃത്യത്തിനു തുല്യമാണ്. നിങ്ങളുടെ മരുഭൂമിയിലേക്കു നിങ്ങള്‍ ലോകത്തെ കൂട്ടിക്കൊണ്ടു വന്നെങ്കില്‍ അതിനേക്കാള്‍ എത്രയോ അധികമാണ് ഇന്ത്യക്കു നല്‍കാനുള്ളത്. കര്‍മകുശലതയും കാര്യശേഷിയും കൊണ്ട് ഇതു സാധിച്ച നിങ്ങള്‍ കൂടി ഒപ്പമുണ്ടെങ്കില്‍ നേടാനാവാത്തതല്ല ഒന്നും. ഇന്ത്യയില്‍ നിന്ന് ഒട്ടേറെ വിമാനങ്ങള്‍ യു എ ഇയിലേക്കുണ്ടെങ്കിലും ഒരു പ്രധാനമന്ത്രി ഇവിടെടെയെത്താന്‍ 34 വര്‍ഷം കാത്തിരിക്കേണ്ടിവന്നു എന്നതില്‍ സങ്കടമുണ്ട്.
പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ തൃപാതികരമായിരുന്നുവെന്ന് യു എ ഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. യു എ ഇയിലെ പ്രമുഖ സ്ഥാപനങ്ങളായ അഡ്‌നോക്, ഡി പി വേള്‍ഡ്, എമ്മാര്‍ പ്രോപ്പര്‍ട്ടീസ്, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഇത്തിസലാത്ത് എന്നിവയുടെ മേധാവികളും ബിസിനസ് രംഗത്തെ പ്രമുഖരായ ജുമാ അല്‍ മാജിദ്, അല്‍ ദാര്‍, അല്‍ ഗുറൈര്‍ ഗ്രൂപ്പ് തുടങ്ങിയവയുടെ പ്രതിനിധികളും യു എ ഇ നിക്ഷപക സംഘത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ വ്യവസായികളായ എം എ യൂസഫലി, ബി ആര്‍ ഷെട്ടി, ജെ ആര്‍ ഗംഗാരമണി, റാം ബുക്‌സാനി, രവി പിള്ള, പി എന്‍ സി മേനോന്‍, വാസു ഷറോഫ്, ഡോ. ആസാദ് മൂപ്പന്‍, ഡോ. വി പി ഷംസീര്‍, ഫൈസല്‍ കൊട്ടിക്കൊള്ളോന്‍ തുടങ്ങിയവര്‍ ഇന്ത്യയെ പ്രധിനിധീകരിച്ച് പങ്കെടുത്തു.