Connect with us

National

പൊതു പരസ്യങ്ങളില്‍ നിയന്ത്രണം: ഉത്തരവ് നടപ്പാക്കല്‍ വൈകരുത്

Published

|

Last Updated

ന്യൂഡല്‍ഹി: പൊതു പരസ്യങ്ങള്‍ നല്‍കുന്നതില്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്ന് നോട്ടീസില്‍ പറയുന്നു. നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ പാടില്ലെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനെതിരെയും തമിഴ്‌നാട്ടിലെ എ ഐ എ ഡി എം കെ സര്‍ക്കാറിനെതിരെയും കോടതിയലക്ഷ്യ നടപടി വേണമെന്നാവശ്യപ്പെട്ട് എന്‍ ജി ഒ നല്‍കിയ ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി നോട്ടീസ് അയച്ചത്.
പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ മൂന്നംഗ ഓംബുഡ്‌സ്മാന്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ പ്രതികരണമാരാഞ്ഞിട്ടുമുണ്ട്. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സി പി ഐ എല്‍) ആണ് കോടതിയിലെത്തിയ എന്‍ ജി ഒ.
പൊതു പരസ്യം സംബന്ധിച്ച് മെയിലാണ് സുപ്രീം കോടതി ചരിത്രവിധി പുറപ്പെടുവിച്ചത്. രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെത് ഒഴികെ ഒരു വ്യക്തിയുടെയും ചിത്രങ്ങള്‍ പൊതു പരസ്യത്തില്‍ പാടില്ലെന്നാണ് വിധിയില്‍ പറയുന്നത്. ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മൂന്നംഗ ഓംബുഡ്‌സ്മാന്‍ രൂപവത്കരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍, ഈ പരിശോധനക്ക് കോടതി തന്നെ മേല്‍നോട്ടം വഹിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തു.
ഈ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി കൈകൊണ്ടുവെന്ന് വ്യക്തമാക്കണമെന്നും ഒരു നടപടിയും കൈക്കൊണ്ടില്ലെങ്കില്‍ കാരണം കാണിക്കാനും ആവശ്യപ്പെട്ടാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയിയും എന്‍ വി രമണയും ഉള്‍പ്പെട്ട ബഞ്ച് നോട്ടീസ് അയച്ചത്.
ഡല്‍ഹി, തമിഴ്‌നാട് സര്‍ക്കാറുകള്‍ കോടതി വിധിയെ നഗ്നമായി അവഹേളിച്ചിരിക്കുകയാണെന്ന് എന്‍ ജി ഒക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. തമിഴ്‌നാടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ഈ വാദത്തില്‍ ഇടപെട്ടപ്പോള്‍ ബഞ്ച് രോഷാകുലമായാണ് പ്രതികരിച്ചത്. താങ്കളെന്തിനാണ് ഞങ്ങളെ പ്രകോപിപ്പിക്കുന്നത്. ഈ കോടതി താങ്കളുടെ സംസ്ഥാനത്തിന് നോട്ടീസ് അയച്ചിട്ടില്ലല്ലോ എന്ന് ബഞ്ച് ചോദിച്ചു. സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയക്കില്ലെന്നും മൂന്നംഗ സമിതിയുമായി മാത്രമേ കോടതി ഇടപെടുകയുള്ളൂവെന്നും ബഞ്ച് വ്യക്തമാക്കി.

---- facebook comment plugin here -----

Latest