ആര്‍ എസ് എസ് ശാഖകള്‍ ഇനി സി പി എം കേന്ദ്രങ്ങളിലേക്കും

Posted on: August 18, 2015 4:55 am | Last updated: August 17, 2015 at 11:57 pm
SHARE

rssകാസര്‍ക്കോട്: സി പി എമ്മിന്റെ ഉരുക്കുകോട്ടകള്‍ ഭേദിച്ച് ശാഖകള്‍ രൂപവത്കരിക്കാന്‍ ആര്‍ എസ് എസ് പദ്ധതി. പാര്‍ട്ടിഗ്രാമങ്ങളില്‍ രൂക്ഷമായി നിലനില്‍ക്കുന്ന വിഭാഗീയ പ്രശ്‌നങ്ങളും വിമതപ്രവര്‍ത്തനങ്ങളും മുതലെടുത്തുകൊണ്ട് ഇവിടങ്ങളിലെല്ലാം ശാഖകള്‍ രൂപവത്കരിക്കുന്നതിന് അനുകൂലസാഹചര്യമുണ്ടാക്കുകയാണ് ആര്‍ എസ് എസിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ആര്‍ എസ് എസ് ശാഖകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിദിന ശാഖകളുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2010ന് ശേഷമാണ് ആര്‍ എസ് എസിന്റെ വളര്‍ച്ചയില്‍ പ്രകടമായ വര്‍ധന കണ്ടു തുടങ്ങിയത്. ഇക്കാലയളവില്‍ പ്രതിവാര ശാഖകളുടെ എണ്ണത്തില്‍ 61 ശതമാനം വര്‍ധനവും പ്രതിമാസ ശാഖകളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.
കാസര്‍കോട് ജില്ലയില്‍ ആര്‍ എസ് എസിന്റെ ശാഖയുടെ എണ്ണത്തിലും സ്വയം സേവകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി സംഘ്പരിവാര്‍ സംഘടനകള്‍ അവകാശപ്പെടുന്നു. സി പി എമ്മില്‍ നിന്ന് യുവാക്കള്‍ കൂട്ടത്തോടെ ആര്‍ എസ് എസ് ശാഖകളിലേക്ക് എത്തുന്നതായും ഇവര്‍ പറയുന്നു. സി പി എമ്മിന്റെ ശക്തി കേന്ദ്രങ്ങളായ കിനാനൂര്‍-കരിന്തളം, മടിക്കൈ, കയ്യൂര്‍-ചിമേനി തുടങ്ങിയ മേഖലകളില്‍ ആര്‍ എസ് എസ് ശാഖകള്‍ സജീവമാണ്. മറ്റൊരു പാര്‍ട്ടിഗ്രാമമായ ബേഡകത്തും ശാഖകള്‍ രൂപവത്കരിക്കാന്‍ പദ്ധതിയുണ്ട്. ഇവിടങ്ങളിലൊക്കെയും സി പി എമ്മില്‍ വിഭാഗീയപ്രശ്‌നങ്ങളും ശക്തമാണ്. എന്നാല്‍ ആര്‍ എസ് എസിന്റെ കടന്നുകയറ്റം ചെറുക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സി പി എം ജില്ലാനേതൃത്വം പ്രാദേശികഘടകങ്ങള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സി പി എം ജില്ലാനേതൃത്വം ഇടപെടണമെന്നും അല്ലാത്ത പക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് അത് ഇടവരുത്തുമെന്നുമാണ് അണികള്‍ നല്‍കുന്ന മുന്നറിയിപ്പ്.