Connect with us

Kerala

വിഴിഞ്ഞം പദ്ധതി: കരാര്‍ ഒപ്പുവെച്ചു

Published

|

Last Updated

തിരുവനന്തപുരം: നാഴികക്കല്ലാകുന്ന വികസന കുതിപ്പിന് കേരളത്തിന്റെ കൈയൊപ്പ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാറും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. മലയാളവര്‍ഷാരംഭത്തിന്റെ ആരവങ്ങള്‍ക്കിടെ ചരിത്രം പേറുന്ന സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലായിരുന്നു പ്രൗഢമായ ചടങ്ങ്. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സാക്ഷ്യം വഹിച്ച ചടങ്ങില്‍ തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി ഇ ഒ സന്തോഷ്‌കുമാര്‍ മഹാപത്രയുമാണ് കരാറില്‍ ഒപ്പുവെച്ചത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങുന്ന പദ്ധതി ആയിരം ദിവസമെന്ന റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പ്രഖ്യാപിച്ചു.
പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. മുസ്‌ലിം ലീഗ് മന്ത്രിമാരും പങ്കെടുത്തില്ല. സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രിമാരായ കെ ബാബു, കെ എം മാണി, വി എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍, കരണ്‍ അദാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രണവ് വി അദാനി, എം എല്‍ എമാരായ കെ മുരളീധരന്‍, കെ എസ് ശബരിനാഥ്, എം എ വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കരാര്‍ ഒപ്പിടുന്നതിനായി ഇന്നലെ രാവിലെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ ഗൗതം അദാനി തിരക്കിട്ട ചര്‍ച്ചകളിലായിരുന്നു. ആദ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ ചേംബറില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പദ്ധതി നടപ്പാക്കുമ്പോള്‍ നേരിടാനിടയുള്ള തടസ്സങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പണം തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കി. ബജറ്റില്‍ തന്നെ പദ്ധതിക്കായി അറുനൂറ് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. വേണ്ട സമയത്ത് ആവശ്യമായ പണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന് അനുഗുണമായ വിഴിഞ്ഞം പദ്ധതിയെ എല്ലാവരും പിന്തുണക്കും. എല്ലാവിഭാഗങ്ങളില്‍ നിന്നും വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. പദ്ധതി സംബന്ധിച്ച മത്സ്യത്തൊഴിലാളികളുടെയും തദ്ദേശീയരുടെയും ആശങ്ക അകറ്റും. ഇതിനായി ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തും. ഇവരുടെ താത്പര്യം സംരക്ഷിച്ചുകൊണ്ടുമാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നീട് കന്റോണ്‍മെന്റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിനിര്‍ണായകമായിരുന്നു ഈ കൂടിക്കാഴ്ച. പ്രതിപക്ഷം മുന്നോട്ടുവെച്ച ആശങ്കകള്‍ വി എസ് അദാനിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാം പരിഹരിക്കുമെന്ന് മറുപടി. ഇതിനിടെ ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി ബി ജെ പി ഓഫീസിലെത്തി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ സന്ദര്‍ശിച്ച് പിന്തുണ തേടി.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം പദ്ധതി അദാനിയുടെ തീരത്ത് നങ്കൂരമിടുന്നത്. ഏറെനാള്‍ വിവാദങ്ങളില്‍പ്പെട്ടുലഞ്ഞ പദ്ധതിയാണിത്. 5,552 കോടി രൂപ മുതല്‍മുടക്കുള്ള ഒന്നാം ഘട്ട നിര്‍മാണത്തില്‍ 3,600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിനു പുറത്തുനിന്നാണ്. പ്രത്യക്ഷ- പരോക്ഷ നികുതിയിനത്തില്‍ സംസ്ഥാനത്തിന് ഗണ്യമായ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരിട്ടുള്ള തൊഴിലവസരങ്ങള്‍ കൂടാതെ തുറമുഖ അനുബന്ധ വ്യവസായങ്ങളിലൂടെ പരോക്ഷമായും ഏറെ തൊഴിലവസരങ്ങളുണ്ടാകും.
കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിംഗ്, ലോജിസ്റ്റിക് എന്നീ അനുബന്ധ വ്യവസായങ്ങളും ഇതോടൊപ്പം വളരും. കടല്‍ മാര്‍ഗമുള്ള ചരക്കു ഗതാഗതത്തിന് ആക്കം കൂട്ടാനും വിഴിഞ്ഞം തുറമുഖത്തിനു കഴിയും. തെക്കന്‍ കേരളത്തിനും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ക്കും ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ വിഴിഞ്ഞം തുറമുഖം മുഖേന കൈകാര്യം ചെയ്യാനുള്ള പദ്ധതി പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിഭാവനം ചെയ്യുന്നുണ്ട്.

കേരളപ്പിറവി ദിനത്തില്‍ നിര്‍മാണം തുടങ്ങാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ചൊവ്വാഴ്ച്ച ആരംഭിക്കും.