നാണക്കേട്…!

Posted on: August 17, 2015 6:00 am | Last updated: August 17, 2015 at 12:36 am
SHARE

220123
ഗാലെ: സ്വാതന്ത്രദിനത്തില്‍ ഇതിലും വലിയൊരു അടി കിട്ടാനില്ല ഇന്ത്യക്ക്. വിജയദിനം ആഘോഷിക്കാന്‍ ഒരുങ്ങി നിന്ന ടീം ഇന്ത്യയെ തേടിയെത്തിയത് വന്‍ നാണക്കേടാണ്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി. 63 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം. 176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 112 റണ്‍സിന് എല്ലാവരും പുറത്തായി. പരാജയം അംഗീകരിക്കുന്നുവെന്ന പതിവ് മറുപടിയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നിരാശ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു. ടീം ഡയറക്ടര്‍ രവി ശാസ്ത്രി തന്റെ ടീം ശക്തമായി തിരിച്ചുവരുമെന്ന് അഭിപ്രായപ്പെടുന്നു. പക്ഷേ, തോല്‍വി കനത്ത പ്രഹരമായെന്ന് വിമര്‍ശകര്‍.
ഏഴുവിക്കറ്റ് നേടിയ ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കന ഹെറത്ത് ആണ് ഇന്ത്യയുടെ നടുവൊടിച്ചത്. ബാക്കി മൂന്ന് വിക്കറ്റുകള്‍ കുശാല്‍ നേടി. 36 റണ്‍സ് നേടിയ രഹാനെയാണ് രണ്ടാം ഇന്നിംഗിസില്‍ ഇന്ത്യയുടെ ടോപ്പ് സ്‌ക്കോറര്‍. ധവാന്‍ 28 റണ്‍സെടുത്തു. രോഹിത്, കോലി, രാഹുല്‍, സാഹ എന്നിവര്‍ക്കൊന്നും രണ്ടക്കം തികയ്ക്കാനായില്ല.
ആദ്യ രണ്ടുദിവസവും മേധാവിത്തംകാട്ടി വിജയത്തിന്റെ പടിവാതില്‍ക്കലായിരുന്ന ടീം ഇന്ത്യക്ക് മൂന്നാം ദിവസവും നാലാംദിവസവും തിരിച്ചടിയേറ്റു. അമ്പയറിങ്ങിലെ പിഴവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് ചാന്‍ഡിമ(162 നോട്ടൗട്ട്)ലിന്റെ ഉജ്ജ്വല ഇന്നിങ്‌സും ആണ് ശ്രീലങ്കയ്ക്ക് നല്ല സ്‌കോര്‍ നല്‍കിയത്.

ഹര്‍ഭജന്‍ വിമര്‍ശിക്കപ്പെടുന്നു
ഗാലെ: ശ്രീലങ്കയോട് ഒന്നാം ടെസ്റ്റില്‍ 63 റണ്‍സിനേറ്റ പരാജയം വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന് വിനയാകുന്നു. ടീമിലേക്കുള്ള തിരിച്ചുവരവ് മുതലെടുക്കാന്‍ പഞ്ചാബ് താരത്തിന് സാധിച്ചില്ലെന്ന വിമര്‍ശമാണ് ഉയരുന്നത്. രണ്ടിന്നിംഗ്‌സിലുമായി നാല്‍പത് വിക്കറ്റുകള്‍ വീണ മത്സരത്തില്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായി 31 വിക്കറ്റുകളാണ് പങ്കിട്ടത്. ഇതില്‍ ഹര്‍ഭജന്‍ സിംഗിന്റെ സംഭാവന ഒരു വിക്കറ്റ് മാത്രം ! 25 ഓവറുകള്‍ എറിഞ്ഞ ഹര്‍ഭജന്‍ വിട്ടുകൊടുത്തത് തൊണ്ണൂറ് റണ്‍സ്.
അതേ സമയം, രവിചന്ദ്രന്‍ അശ്വിന്‍ പത്ത് വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രക്ക് അഞ്ച് വിക്കറ്റ്. ശ്രീലങ്കയുടെ രംഗന ഹെറാത് മുപ്പത്തേഴാം വയസിലും മാറ്ററിയിച്ചു, ഏഴ് വിക്കറ്റുകള്‍ കൊയ്തുകൊണ്ട്.
ഹര്‍ഭജന് പക്ഷേ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണയുണ്ട്. ആദ്യ സ്‌പെല്ലില്‍ മോശമായെങ്കിലും ഭാജി പിന്നീട്താളം കണ്ടെത്തിയെന്ന് കോഹ്‌ലി പറഞ്ഞു. ചാണ്ഡിമാല്‍ തകര്‍പ്പന്‍ ഫോമിലായതിനാല്‍ ബൗളര്‍മാര്‍ക്ക് രക്ഷയില്ലാതായെന്നും കോഹ്‌ലി പറഞ്ഞു.
അശ്വിന്‍ ഒമ്പതാം റാങ്കില്‍
ദുബൈ: ഐ സി സി (രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍) ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ ആദ്യ പത്തില്‍ ഇടം നേടി. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിന്‍ ഒമ്പതാം റാങ്കില്‍. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ശിഖര്‍ധവാന്‍ പതിനഞ്ച് സ്ഥാനം മെച്ചപ്പെടുത്തി മുപ്പത്തിരണ്ടിലേക്ക് കയറി. ധവാന്റെ മികച്ച റാങ്കിംഗാണിത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പത്താം സ്ഥാനത്തുണ്ട്.
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടിയതാണ് അശ്വിന് ഗുണകരമായത്. ടീം തോറ്റെങ്കിലും ഓഫ് സ്പിന്നറുടെ പ്രകടനം വേറിട്ടുനിന്നു.
ഗാലെ ടെസ്റ്റ് ജയിച്ചതോടെ റാങ്കിംഗില്‍ ലങ്കന്‍ താരങ്ങള്‍ കൂട്ടത്തോടെ മെച്ചമുണ്ടാക്കി. ദിനേശ് ചാണ്ഡിമാല്‍, തരിന്ദു കൗശല്‍, രംഗന ഹെറാത് എന്നിവര്‍ കരിയറിലെ മികച്ച റാങ്കിംഗിലേക്കുയര്‍ന്നു. നായകന്‍ ഏഞ്ചലോ മാത്യൂസ് ഒരു സ്ഥാനം കയറി ബാറ്റിംഗ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയതും ശ്രദ്ധേയമായി. ഇന്ത്യക്കെതിരെ 64, 39 എന്നിങ്ങനെയാണ് മാത്യൂസിന്റെ ഇന്നിംഗ്‌സുകള്‍.വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് ചാണ്ഡിമാലാണ് വന്‍ കുതിപ്പ് നടത്തിയത്. ഇരുപത്തിരണ്ട് സ്ഥാനങ്ങളാണ് ചാണ്ഡിമാല്‍ കയറിയത്. ഇപ്പോള്‍ ഇരുപത്തിമൂന്നാം റാങ്കില്‍. ഒന്നാമിന്നിംഗ്‌സില്‍ 59ഉം രണ്ടാമിന്നിംഗ്‌സില്‍ 162 നോട്ടൗട്ടുമാണ് ചാണ്ഡിമാലിന്റെ മാന്‍ ഓഫ് ദ മാച്ച് പ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here