തിരഞ്ഞെടുപ്പ് വിവാദം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് 20 ന് എല്‍ ഡി എഫ് മാര്‍ച്ച

Posted on: August 15, 2015 2:00 pm | Last updated: August 15, 2015 at 2:22 pm
SHARE

കോഴിക്കോട്:തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുമെന്ന വാര്‍ത്തകള്‍ക്കിടെ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ എല്‍ ഡി എഫ് തീരുമാനം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു എന്നാരോപിച്ച് ഗ്രാമപഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും കോര്‍പ്പറേഷന്‍ ഓഫീസിലേക്കും ഈ മാസം 20ന് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ എല്‍ ഡി എഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചു.
യു ഡി എഫ് സര്‍ക്കാര്‍ അശാസ്ത്രീയമായി നടത്തിയ വാര്‍ഡ് വിഭജനമാണ് കോടതി ഇടപെടലിന് ഇടയാക്കിയത്. കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ വിഭജിച്ച് മുനിസിപ്പാലിറ്റികള്‍ ഉണ്ടാക്കാനും നിലവിലുള്ള പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാനുമുള്ള തീരുമാനം മുസ്‌ലിം ലീഗ് താത്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ളതാണ്. കോടതിവിധി അംഗീകരിക്കുന്നതിന് പകരം അപ്പീല്‍പോകാനുള്ള തീരുമാനം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണം അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കൈകളില്‍ ഏല്‍പ്പിക്കാനാണ്.
ഇത് അംഗീകരിക്കാനാവില്ലെന്നും ഇതിനെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും എല്‍ ഡി എഫ് മുന്നറിയിപ്പ് നല്‍കി. സമരപരിപാടികളുടെ വിജയത്തിനായി ഇന്ന് നിയോജക മണ്ഡലം യോഗങ്ങളും 16 ന് പഞ്ചായത്ത്തല എല്‍ ഡി എഫ് യോഗങ്ങളും വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. കെ ചന്ദ്രന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മുക്കം മുഹമ്മദ്, എം മെഹബൂബ്, എ കെ നാരായണന്‍, ഇ പി ദാമോദരന്‍, കെ ലോഹ്യ, സി സത്യചന്ദ്രന്‍, പി ആര്‍ സുനില്‍സിംഗ്, പി ടി ആസാദ്, ഇ വി തോമസ്, സി പി ഹമീദ്, സി സത്യന്‍ സംബന്ധിച്ചു.