Connect with us

Wayanad

അയല്‍സംസ്ഥാനത്ത് പച്ചക്കറിക്ക് വില കുറവ്; വയനാട്ടില്‍ ഇരട്ടി വില

Published

|

Last Updated

കല്‍പ്പറ്റ: അയല്‍സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് വില കുറയുമ്പോഴും ജില്ലയില്‍ വില്‍ക്കുന്നത് ഇരട്ടിയിലേറെ വിലക്ക്. കര്‍ണാടകയിലെ അന്ദര്‍സന്ത, എച്ച് ഡി കോട്ട, ഗോണിക്കുപ്പ തുടങ്ങിയസ്ഥലങ്ങളില്‍ ചില്ലറ വില്‍പ്പനയില്‍ കുറഞ്ഞ വിലക്ക് പച്ചക്കറിവിളകള്‍ വിറ്റഴിക്കുമ്പോള്‍ മൂന്നിരട്ടി വിലകൂട്ടിയാണ് ജില്ലയില്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്നത്. കര്‍ണാടകക്ക് കിലോക്ക് 3 രൂപ വിലയുള്ള തക്കാളിക്ക് 10 രൂപയ്ക്ക് മുകളിലാണ് വില. പച്ചമുളകിന് 20 രൂപയ്ക്ക് ഗോണിക്കുപ്പയിലും എച്ച് ഡി കോട്ടയിലും ലഭിക്കുമ്പോള്‍ വയനാട്ടിലെ മാര്‍ക്കറ്റുകളില്‍ 40 രൂപക്ക് അതിന് മുകളിലുമാണ് വില്‍പ്പന നടക്കുന്നത്. 15 രൂപ വീതം വിലയുള്ള കാരറ്റിനും ബീറ്റ്‌റൂട്ടിനും ജില്ലയില്‍ വില്‍പ്പന നടത്തുന്നത് 40 രൂപക്കാണ്.
10 രൂപവിലയുള്ള വെള്ളരി്ക്ക് 20 രൂപയും 15 രൂപ വിലയുള്ള ബീന്‍സിന് 30 രൂപയുമാണ് ഈടാക്കുന്നത്. 10 രൂപയ്ക്ക് ലഭിക്കുന്ന മത്തന്‍, വെണ്ട എന്നിവ ജില്ലയിലെത്തിയാല്‍ 25 രൂപയായി വില വര്‍ധിക്കുകയാണ്. കര്‍ണാടകയില്‍ നിന്നും മൊത്തമായി പച്ചക്കറി എടുക്കുമ്പോള്‍ അവിടെ വില്‍പ്പനക്കുള്ള വിലയേക്കാള്‍ കുറഞ്ഞാണ് ജില്ലയിലെ വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. പച്ചക്കറിയുല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിളവെടുപ്പുണ്ടായതാണ് അയല്‍സംസ്ഥാനത്ത് വില കുറയാന്‍ കാരണം. സമയത്ത് വില്‍പ്പന നടത്തിയില്ലെങ്കില്‍ പച്ചക്കറി കേടുവരുന്നതിനാലാണ് നഷ്ടം സഹിച്ചും കര്‍ഷകര്‍ കുറഞ്ഞ വിലക്ക് പച്ചക്കറി വില്‍പ്പനക്ക് തയ്യാറാവുന്നത്. തുഛമായ വിലക്ക് കര്‍ണാടകയില്‍ നിന്ന് ലഭിക്കുന്ന പച്ചക്കറികളാണ് ജില്ലയിലെ ആഘോഷാവസരങ്ങള്‍ മുതലാക്കി വന്‍വിലക്ക് വ്യാപാരികള്‍ വില്‍പന നടത്തുന്നത്. ഓണാഘോഷങ്ങള്‍ അടുത്തെത്തിയതോടെ പച്ചക്കറികള്‍ക്ക് വില ഇനിയും ഉയരാനാണ് സാധ്യത. അതെ സമയം കേരളത്തിലേക്ക് കടത്തുന്ന പച്ചക്കറികള്‍ പരിശോധിക്കുന്നില്ലെന്ന് ആരോപണവും ഉയരുന്നുണ്ട്.

Latest