Connect with us

Kerala

സ്വാതന്ത്ര്യദിനം ജില്ലകളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യയുടെ 69-ാമത് സ്വാതന്ത്ര്യദിനം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് എംഎല്‍എമാരും സാംസ്‌കാരിക നായകന്മാരുമുള്‍പ്പടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തി. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ 8.30നു ആരംഭിച്ച ചടങ്ങില്‍ മന്ത്രി കെ.എം. മാണി ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍, പരേഡില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാനങ്ങള്‍ എന്നിവ അദ്ദേഹം വിതരണം ചെയ്തു. ചടങ്ങില്‍ മാലിന്യത്തില്‍നിന്നു സ്വാതന്ത്ര്യം എന്ന പ്രതിജ്ഞ എടുത്തു. വിവിധ കലാ-സാംസ്‌കാരിക പരിപാടികളും ഇതോടനുബന്ധിച്ചു നടന്നു.

തൃശൂരില്‍ രാവിലെ എട്ടിനു സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്നു പരേഡ് പരിശോധിച്ച മന്ത്രി വിവിധ സേനാവിഭാഗങ്ങള്‍ അണിനിരന്ന മാര്‍ച്ച്പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ രാവിലെ 8.30ന് മന്ത്രി കെ.സി. ജോസഫ് ദേശീയപതാക ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ അദ്ദേഹം വിതരണം ചെയ്തു.