വിഷവിളകളുമായി വാഹനങ്ങള്‍ അതിര്‍ത്തി കടക്കുന്നു

Posted on: August 15, 2015 3:06 am | Last updated: August 15, 2015 at 12:06 am
SHARE

Fruits-Vegetablesകണ്ണൂര്‍: പഴം, പച്ചക്കറി വാഹനങ്ങള്‍ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പരിശോധിച്ച് തുടര്‍നടപടിയെടുക്കാനുള്ള ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ നടപടികള്‍ പാതി വഴിയിലായതോടെ വിഷവിളകളുമായി വാഹനങ്ങള്‍ അതിര്‍ത്തി കടക്കുന്നു.
ജീവനക്കാര്‍ കുറവായെന്ന ന്യായം മുന്‍നിര്‍ത്തിയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തുടര്‍ പരിശോധനാ സംവിധാനം ഒഴിവാക്കിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ വിഷലിപ്തമാണെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലെ കൃഷിത്തോട്ടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മെയ് 10 മുതല്‍ 15വരെ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അതു കൂടാതെ ഓണത്തിനു കേരളത്തിലെ വിപണി ലക്ഷ്യമിട്ടു തമിഴ്‌നാട്ടിലെ ഉത്പാദകര്‍ വലിയ അളവില്‍ പച്ചക്കറികള്‍ സ്‌റ്റോക്ക് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ സ്‌റ്റോക്ക് ചെയ്യുന്നവയില്‍ അധികവും ദിവസങ്ങളോളം കേടുകൂടാതിരിക്കും. ഇതിനായി മാരകവിഷങ്ങളായ ഡര്‍സ്ബാന്‍, അസിഫേറ്റ്, സ്റ്റാര്‍തേയ്ന്‍, പ്രോസോണോഫോസ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.
ഈയൊരു പശ്ചാത്തലത്തില്‍ കര്‍ശന നടപടി വേണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറികളും പഴങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. ഇത്തരം വാഹനങ്ങള്‍ ജൂലൈ 15നു മുമ്പ് ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷനോ ലൈസന്‍സോ നേടിയിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ചെക്‌പോസ്റ്റുകളില്‍ നോട്ടീസും പതിച്ചു.
പച്ചക്കറികളുടെ സ്രോതസ്സും വിപണിയും വ്യക്തമാക്കിയാല്‍ മാത്രമേ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നിന്നു വാഹനങ്ങള്‍ കടത്തിവിടൂഎന്നായിരുന്നു തീരുമാനം. വിപണിയില്‍ നിന്നു ശേഖരിക്കുന്ന പച്ചക്കറികള്‍ പരിശോധിക്കുമ്പോള്‍ വിഷാംശമുണ്ടെന്നു തെളിഞ്ഞാല്‍ അവ എത്തിയ പ്രദേശത്തു നിന്നുള്ള വരവ് നിരോധിക്കാന്‍ സഹായകമാകും എന്നായിരുന്നു കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പഴങ്ങളും പച്ചക്കറികളുമായി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങളുടെ നമ്പറും വിവരങ്ങളും ശേഖരിച്ചിരുന്നു.
ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സെയില്‍സ് ടാക്‌സ് ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥരാണ് വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. നിശ്ചയിച്ച തീയ്യതി കഴിഞ്ഞിട്ടും രജിസ്‌ട്രേഷനോ ലൈസന്‍സോ പരിശോധനകളോ ഇല്ലാതെ വാഹനങ്ങള്‍ വിഷവിളകളുമായി അതിര്‍ത്തി കടക്കുകയാണ്. പാലക്കാട് വഴിയല്ലാതെ കൂട്ടുപുഴ വഴിയും വയനാട് അതിര്‍ത്തി വഴിയുമാണ് പച്ചക്കറി വാഹനങ്ങള്‍ കേരളത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here