സഭയിലിരിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്ന് രാഹുല്‍ ഗാന്ധി

Posted on: August 12, 2015 7:21 pm | Last updated: August 13, 2015 at 7:04 pm
SHARE

rahul at parlimentന്യൂഡല്‍ഹി: ലളിത് ഗേറ്റ് വിവാദത്തില്‍ സര്‍ക്കാറിനേയും പ്രധാനമന്ത്രിയേയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സുഷമക്കെതിരായ ആരോപണങ്ങള്‍ സത്യമായതിനാല്‍ പ്രധാനമന്ത്രിക്ക് സഭയിലിരിക്കാന്‍ ധൈര്യമില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കള്ളപ്പണത്തിന്റെ പ്രതീകമായ ലളിത് മോദിയേയും കുടുംബത്തേയും സുഷമ സഹായിച്ചത് നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കില്‍ എത്രപണം വാങ്ങിയെന്ന് സുഷമ സഭയില്‍ വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

നേരത്തെ കോണ്‍ഗ്രസിനെതിരെ സുഷമ സ്വരാജ് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ക്വത്‌റോച്ചിയേയും വാറന്‍ ആന്‍ഡേഴ്‌സണേയും സഹായിച്ചവരാണ് തന്നെ വിമര്‍ശിക്കുന്നത്. ഇടക്കിടെ വിശ്രമിത്തിനു പോകുന്ന രാഹുല്‍ ഇനി വിശ്രമിത്തിന് പോകുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കാന്‍ സമയം കണ്ടെത്തണമെന്നും സുഷമ സ്വരാജ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് രാഹുല്‍ മറുപടി പ്രസംഗം നടത്തിയത്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷം അരുണ്‍ ജയ്റ്റ്‌ലി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം സഭയില്‍ നിന്ന ഇറങ്ങിപ്പോയി. തുടര്‍ന്നു പ്രസംഗിച്ച ജയ്റ്റ്‌ലി സുഷമ സ്വരാജിനെ ശക്തമായി പിന്തുണച്ചു. ആരോപണങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാണെന്നും വേണ്ടത് ശക്തമായ തെളിവുകളാണെന്നും പറഞ്ഞ ജയ്റ്റ്‌ലി തെളിവുകളുണ്ടെങ്കില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.