കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ജി എസ് ടി ബില്‍ രാജ്യസഭയില്‍

Posted on: August 12, 2015 6:00 am | Last updated: August 11, 2015 at 11:15 pm
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ രാജ്യസഭയില്‍ സര്‍ക്കാര്‍ ചരക്ക് സേവന നികുതി (ജി എസ് ടി) ബില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബില്‍ അവതരിപ്പിച്ച ഉടനെ രാജ്യസഭ ഇന്നലത്തേക്ക് പിരിഞ്ഞു.

വിലക്കയറ്റം കുറക്കാനും ജി ഡി പിയുടെ ഉത്തേജനത്തിനും ജി എസ് ടി ബില്‍ ഉപകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ സമന്വയമാണ് ഈ ബില്‍. രാജ്യത്തന്റെ വികസനത്തിന് തടയിടാനാണ് കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം ഇപ്പോഴും ദഹിച്ചിട്ടില്ലെന്നും സ്വയം നശീകരണ പ്രവര്‍ത്തനങ്ങളിലാണ് അവരെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ജി എസ് ടി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് ബില്ലിനെ പിന്തുണക്കുന്ന എം പിമാര്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. ജി എസ് ടി പാസാക്കാനെങ്കിലും ഒരു ദിവസത്തേക്ക് പാര്‍ലിമെന്റ് തടസ്സപ്പെടുത്തരുതെന്നു ജയന്ത് സിന്‍ഹ ആവശ്യപ്പെട്ടു. ജി എസ് ടി കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്നും സിന്‍ഹ പറഞ്ഞു.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബി ജെ പിക്ക് ബില്‍ പാസാക്കി എടുക്കുക കനത്ത വെല്ലുവിളിയാണ്. രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ ബില്‍ പാസാക്കാനാകൂ. ഇതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി നേടേണ്ടതുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ ചരക്കു സേവന നികുതി ബില്‍ ലോക്‌സഭയില്‍ പാസായിരുന്നു. ഭരണഘടനയില്‍ ഭേദഗതിവരുത്തി പുതിയ നികുതി സംവിധാനം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്നതാണ് ചരക്ക് സേവന നികുതി ബില്‍. പത്തോളം ഭേദഗതി നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ഈ 122ാം ഭരണഘടന ഭേദഗതിബില്‍.
ഈ വിഷയത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നാണ് പ്രതിപക്ഷാവശ്യം. എന്നാല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ ഉപകരിക്കുന്നതാണ് ഈ നിയമമെന്നാണ് ധനമന്ത്രിയുടെ അവകാശവാദം. സഹകരണാധിഷ്ഠിത ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണ് പുതിയ നികുതി സംവിധാനമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here