Connect with us

Kasargod

ജില്ലയില്‍ തീവണ്ടി യാത്രക്കിടെയുള്ള അപകടങ്ങള്‍ പെരുകുന്നു

Published

|

Last Updated

കാഞ്ഞങ്ങാട്: ജില്ലയില്‍ തീവണ്ടി യാത്രയ്ക്കിടയിലുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു. തീവണ്ടികളില്‍നിന്ന് യാത്രയ്ക്കിടെ തെറിച്ചുവീഴുന്നതും ഓടിക്കയറുന്നതിനിടെ കാല്‍തെന്നി വീഴുന്നതും പതിവാകുകയാണ്.
ഇത്തരത്തിലുള്ള അപകടങ്ങള്‍ ഏറെയും നടക്കുന്നത് ബേക്കലിനും നീലേശ്വരത്തിനുമിടയിലാണ്. രണ്ടുമാസത്തിനിടയില്‍ ഏഴോളം പേരെ തീവണ്ടി യാത്രയ്ക്കിടെയുണ്ടായ അപകടത്തെ കുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ അപകടത്തില്‍പെട്ട് മരണപ്പെട്ടവരുമുണ്ട്.
തീവണ്ടി നീങ്ങുമ്പോള്‍ യുവാക്കള്‍ വണ്ടിയിലേക്ക് ഓടിക്കയറുന്നതും ഓടിയിറങ്ങുന്നതും റയില്‍വെ സ്റ്റേഷനുകളിലെ സ്ഥിരം കാഴ്ചയാണ്. അപകടം വിളിച്ച് വരുത്തുന്ന ഈ രീതി പലരുടെയും മരണത്തിന് കാരണമായിട്ടുണ്ട്. ഇത്തരം പ്രവോത്തികള്‍ യുവാക്കള്‍ ചെയ്യുന്നത് സമയത്തിന് തീവണ്ടി കിട്ടാത്തത് കൊണ്ടല്ല എന്നതാണ് യാഥാര്‍ഥ്യം.
ദീര്‍ഘ -ഹ്രസ്വ ദൂര യാത്രക്കാരായ യുവാക്കളില്‍ ഭൂരിഭാഗവും യാത്രചെയ്യുന്നത് വണ്ടിയുടെ വാതിലിനരികില്‍ ഇരുന്നും , നിന്നും കൊണ്ടാണ്. മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കാന്‍ സാഹസം കാണിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. സെല്‍ഫി ഭ്രാന്ത് തലക്ക് പിടിച്ചവര്‍ തീവണ്ടിയുടെ വാതിലിനരികില്‍ നിന്ന് പുറത്തേക്ക് തലയിട്ട് ഫോട്ടോയെടുക്കുകയും കൂട്ടമായി നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഇത്തരത്തില്‍ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന വലിയ അപകടങ്ങളെ കുറിച്ച് ഇവരൊന്നും വലിയ ബോധവാന്മാരാകുന്നില്ല. അടുത്തിടെ റയില്‍വെയുടെ പരിധിയില്‍പ്പെട്ടുണ്ടായ അപകടങ്ങളുടെ വിവരം ഞെട്ടിപ്പിക്കുന്നതാണ്. വണ്ടികളില്‍ ചാടിക്കയറുന്നതും ചാടിയിറങ്ങുന്നതും സ്ഥിരം കാഴ്ചയായത് കൊണ്ട് പലപ്പോഴും അധികാരികള്‍ ഇത് ശ്രദ്ധിക്കുന്നില്ല. ഇത്തരം പ്രവോത്തികള്‍ക്ക് റെയില്‍വെ നിയമപ്രകാരം ശിക്ഷകള്‍ ലഭിക്കുന്നതാണ്.
ഓടുന്ന വണ്ടിയില്‍ ചാടി കയറുന്നതും ചാടിയിറങ്ങുന്നതും വണ്ടിയുടെ പടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനും റെയില്‍വെ നിയമം 156 വകുപ്പ് പ്രകാരം മൂന്ന് മാസം തടവോ 500 രൂപ പിഴയോ ലഭിക്കാവുന്നതാണ്. എന്നാല്‍ ഇത് നടപ്പാവുകയാണെങ്കില്‍ യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ശിക്ഷ ലഭിക്കുക തന്നെ ചെയ്യും.

Latest