മുഗള്‍ ഭരണാധികാരികള്‍ പോലും ഗോവധത്തെ അനുകൂലിച്ചില്ലെന്ന് രാജ്‌നാഥ് സിംഗ്

Posted on: August 8, 2015 11:42 pm | Last updated: August 8, 2015 at 11:42 pm
SHARE

rajnath singhന്യൂഡല്‍ഹി: ഗോവധത്തെ പരസ്യമായി ന്യായീകരിച്ച് ഭരണം നടത്താന്‍ കഴിയില്ലെന്ന് മുഗള്‍ ഭരണാധികാരികള്‍ പോലും മനസ്സിലാക്കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ചരിത്രത്തിന്റെ ഏടുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. തനിക്ക് മുഗള്‍ ഭരണാധികാരികളെ കുറിച്ച് കൂടുതല്‍ ഒന്നുമറിയില്ലെങ്കിലും ഒരു കാര്യം പറയാന്‍ കഴിയും. ഗോവധത്തെ ന്യായീകരിച്ച് കൊണ്ട് ഇവിടെ ഭരണം നടത്താന്‍ കഴിയില്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബബര്‍ പറഞ്ഞിരുന്നു, ഇന്ത്യയില്‍ ഒരു സമയം രണ്ട് കാര്യങ്ങള്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല എന്ന്. ജനങ്ങളുടെ ഹിതമറിഞ്ഞ് ഭരണം നടത്തലും ഗോമാംസം ഭക്ഷിക്കലുമായിരുന്നു അവ. – രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് ബ്രിട്ടീഷുകാരുടെ പരാജയമെന്നും ഒന്നാം സ്വാതന്ത്യ സമരത്തിലേക്ക് നയിച്ചത് ഇതേ കാര്യമായിരുന്നെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.
അദ്യമൊക്കെ ഇന്ത്യന്‍ പാരമ്പര്യത്തെ മാനിച്ചിരുന്ന ബ്രിട്ടീഷുകാര്‍ പിന്നീട് അത് നിലനിര്‍ത്തിയില്ല. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന വെടിയുണ്ടയില്‍ പശുവിന്റെ കൊഴുപ്പ് ഉപയോഗിച്ചതാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഒരു കാരണമായിത്തീര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോവധം സംബന്ധിത്ത് ഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. സെമിനാറില്‍ പങ്കെടുത്ത വി എച്ച് പിയില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ രാജ്യവ്യാപക ഗോവധ നിരോധം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here