ഗാന്ധിവധക്കേസിലെ പ്രതിയെപോലെ രാജീവ് വധക്കേസിലും മോചനം നല്‍കണമെന്ന് തമിഴ്‌നാട്

Posted on: August 8, 2015 4:01 am | Last updated: August 8, 2015 at 12:02 am
SHARE

rajeeve murderന്യൂഡല്‍ഹി: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വധിച്ച കേസിലെ പ്രതികള്‍ക്ക് പതിനാറ് വര്‍ഷത്തിന് ശേഷം ജയില്‍ മോചനം നല്‍കാമെങ്കില്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെയും വിട്ടയച്ചുകൂടേയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് പരിഗണിക്കവെയാണ് തമിഴ്‌നാട് ഈ വാദഗതി ഉന്നയിച്ചത് . രണ്ട് വധക്കേസുകളും വ്യത്യസ്തമായി പരിഗണിക്കുന്നത് എങ്ങനെയാണെന്ന് തമിഴ്‌നാടിന്റെ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ആരാഞ്ഞു.
1948ല്‍ മഹാത്മാ ഗാന്ധിയെ വധിച്ച കേസില്‍ കൊലയാളിയായ നാഥുറാം വിനായക് ഡോഡ്‌സെയുടെ സഹോദരനും ഗൂഢാലോചനാ കേസിലെ പങ്കാളിയുമായ ഗോപാല്‍ വിനായക് ഗോഡ്‌സെക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍ പതിനാറ് വര്‍ങ്ങള്‍ക്ക് ശേഷം ഗോപാല്‍ ഗോഡ്‌സെക്ക് ജയില്‍ മോചനം നല്‍കിയ കാര്യം ദ്വിവേദി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
രാഷ്ട്രപിതാവിന്റെ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാമെങ്കില്‍ എന്തു കൊണ്ട് രാജീവ് വധക്കേസിലെ പ്രതികള്‍ക്കും ഇളവ് നല്‍കിക്കൂടാ , പ്രതീക്ഷയുടെ വാതില്‍ തങ്ങള്‍ തുറന്നിടുകയാണെന്നും ദ്വിവേദി കോടതിയെ ബോധിപ്പിച്ചു.
വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന എല്ലാവരെയും മോചിപ്പിക്കണമെന്നല്ല ആവശ്യപ്പെടുന്നത്. കാലം പലരെയും മാറ്റിയിട്ടുണ്ട്, ഇങ്ങനെ മാനസികമായി മാറിയവരെയെങ്കിലും വെറുതെ വിട്ടു കൂടേ. രാജീവ് വധക്കേസിലെ പ്രതികള്‍ ഇതിനകം 24 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു കഴിഞ്ഞതായും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു . 1991ലെ രാജീവ് വധക്കേസിലെ 26 പ്രതികള്‍ക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു.
എന്നാല്‍ സുപ്രീം കോടതി പിന്നീട് മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി എന്നിവര്‍ക്ക് മാത്രമായി വധശിക്ഷ ചുരുക്കി.
ഇത് പിന്നീട് ജീവപര്യന്തമായി കുറച്ചു. ഇവരില്‍ മൂന്ന് പേരെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം 2014 ഫെബ്രുവരിയില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.