സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Posted on: August 7, 2015 12:23 am | Last updated: August 7, 2015 at 12:23 am

set examതിരുവനന്തപുരം: സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ് സൈറ്റില്‍ ലഭിക്കും. 23071 പേര്‍ പരീക്ഷ എഴുതിയതില്‍ 6622 പേര്‍ വിജയിച്ചു. വിജയശതമാനം 28.70.സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എല്‍ ബി എസ് സെന്ററിന്റെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ചുവടെ പറയുന്ന രേഖകളുടെ ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള കവര്‍ സഹിതം ഡയറക്ടര്‍ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം 33 വിലാസത്തില്‍ അയക്കണം. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജിന്റെ പകര്‍പ്പ്, ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്, ബി എഡ് സര്‍ട്ടിഫിക്കറ്റ്, അംഗീകാര സര്‍ട്ടിഫിക്കറ്റ് (കേരളത്തിനു പുറത്തുള്ള ബിരുദങ്ങള്‍ക്ക് മാത്രം), പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടികവര്‍ഗ്ഗ, പിന്നാക്ക (നോണ്‍ ക്രിമീലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/നോണ്‍ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റ്, പി എച്ച്/ വി എച്ച് വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ അസല്‍ എന്നിവ ഹാജരാക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് നവംബര്‍ മുതല്‍ വിതരണം ചെയ്യും.