സഊദി സൈനിക പള്ളിയില്‍ ചാവേറാക്രമണം; 15 മരണം

Posted on: August 7, 2015 12:00 am | Last updated: August 7, 2015 at 4:09 pm
SHARE

file-06-airblastറിയാദ്: സഊൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ആസിറിലെ അബഹയില്‍ സേനാ ക്യാമ്പിനുള്ളിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ സൈനികരാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അരയില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടി വന്ന ചാവേര്‍ പള്ളിക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസില്‍ തീവ്രവാദി ഗ്രൂപ്പ് ഏറ്റെടുത്തു.
നിസ്‌കാരത്തിലേര്‍പ്പെട്ട സൈനികരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. പരുക്കേറ്റവരെ ആസിര്‍ പ്രവിശ്യാ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നീചമായ ആക്രണമാണിതെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് അല്‍ അശൈഖ് പ്രതികരിച്ചു. ഇത് തീവ്രവാദത്തിനെതിരായ നീക്കത്തിന് ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ സഊദിയില്‍ ദാഇശ് ചെറുതും വലുതുമായ നിരവധി ആക്രണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ദാഇശ് ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ സഊദിയിലുണ്ടായത്. ഇക്കഴിഞ്ഞ മെയില്‍ കിഴക്കന്‍ ഗ്രാമമായ അല്‍ഖദീഹ് ഗ്രാമത്തിലെ ശിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ഈ സംഭവത്തിന് ശേഷം മറ്റൊരു പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ നവംബറില്‍ കിഴക്കന്‍ സഊദി ഗ്രാമമായ അല്‍അഹ്‌സയിലെ പള്ളിയില്‍ തോക്കുധാരിയുടെ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചിരുന്നു.
തീവ്രവാദികള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി 400ഓളം പേരെ കഴിഞ്ഞ മാസം തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദികളുടെ നിരവധി ആക്രമണ പദ്ധതികള്‍ പരാജയപ്പെടുത്തിയതായി സഊദി സൈന്യം വ്യക്തമാക്കിയിരുന്നു.
കിഴക്കന്‍ മേഖലയില്‍ 3000 പേര്‍ പ്രാര്‍ഥനക്കെത്തുന്ന പള്ളിയില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയായിരുന്നു അതിലൊന്ന്. ഇതിന് പുറമെ നയതന്ത്ര ഓഫീസുകള്‍, മറ്റ് പള്ളികള്‍ എന്നിവിടങ്ങളിലും ആക്രമണം നടത്താനുള്ള ശ്രമം പൊളിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു.
തൊട്ടടുത്ത രാജ്യമായ യമനില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള സഖ്യത്തെ നയിക്കുന്ന നയിക്കുന്ന സഊദിയുടെ സൈന്യത്തെ ലക്ഷ്യം വെച്ച് അതിര്‍ത്തിയില്‍ നിന്ന് നിരന്തരം ആക്രമണങ്ങളുണ്ടാകാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here