സമ്പൂര്‍ണ ഇ-സാക്ഷരതയിലൂടെ വയനാട് മുന്നോക്ക ജില്ലയായി മാറും

Posted on: August 6, 2015 5:20 am | Last updated: August 6, 2015 at 12:20 pm
SHARE

കല്‍പ്പറ്റ: സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വായനാട്ടിലെ സാമാന്യജനങ്ങള്‍ കാര്‍ഷികവൃത്തിയിലൂടെ പുതിയൊരു വികസന സംസ്‌കാരത്തിന് രൂപംകൊടുക്കുവാന്‍ ജില്ലയിലെ ആബാലവൃദ്ധം ജനങ്ങളും ഇ-സാക്ഷരരാകേണ്ടിയിരിക്കുന്നുവെന്നും, അതിലൂടെ വയനാട് കേരളത്തിലെ മുന്നോക്ക ജില്ലയായി മാറുമെന്നും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. ജില്ലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതിയുടെ അവലോകന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാനന്തവാടി ഗ്രാമപഞ്ചായത്ത് ആഗസ്റ്റ് പതിനഞ്ചോടെ സമ്പൂര്‍ണ ഇ-സാക്ഷരതാ പഞ്ചായത്തായി മാറുമെന്നും പഞ്ചായത്തിലെ എല്ലാവര്‍ക്കും ഇ-മെയില്‍ ഐ.ഡി ഉണ്ടാക്കി, ഇ-മെയില്‍ അയക്കുവാനും സ്വീകരിക്കുവാനും പ്രാപ്തരാക്കി ഇന്റര്‍നെറ്റ് എനേബിള്‍ഡ് വികസനത്തിന് തിരികൊളുത്തുമെന്നും യോഗം അറിയിച്ചു. മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജേക്കബ്ബ് സെബാസ്റ്റ്യന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മേരി ദേവസ്യ, അരുണ്‍കുമാര്‍, മുഹമ്മദ് അസീസ്, കോ-ഓര്‍ഡിനേറ്റര്‍ അര്‍ജ്ജുന്‍ ജോര്‍ജ്ജ്, റെജി കുന്നുംപുറം, പി.വി. ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എം.ടി. കരുണാകരന്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് നസീമ കുറ്റിക്കാടന്‍, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ്, തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയചന്ദ്രന്‍, വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. സബിത എന്നിവരുമായി പഞ്ചായത്തുകളില്‍ നടത്തിവരുന്ന സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും സെപ്തംബര്‍ 30-നകം പഞ്ചായത്തുകള്‍ സമ്പൂര്‍ണ ഇ-സാക്ഷരത പഞ്ചായത്തായി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
ഈ പഞ്ചായത്തുകളില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സുഗമമായി ലഭിക്കുവാന്‍ വൈ ഫൈ കണക്ടിവിറ്റിയുടെ 50 ഹോട്ട്‌സ്‌പോട്ടുകള്‍ ആരംഭിക്കുവാന്‍ കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് അനുമതി നല്‍കിയതായി യോഗം അറിയിച്ചു. 2017ഓടെ ജില്ലയിലെ 25 പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങളേയും ഇ-സാക്ഷരരാക്കുന്ന കര്‍മ്മപദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here