സപ്ലൈകോ ഓണം ഫെയര്‍ പത്ത് മുതല്‍

Posted on: August 6, 2015 5:34 am | Last updated: August 6, 2015 at 9:35 am
SHARE

Supplycoതിരുവനന്തപുരം:സപ്ലൈകോയുടെ ഓണം ഫെയര്‍ പത്തിന് സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് മന്ത്രി അനൂബ് ജേകബ് അറിയിച്ചു. ഇതോടൊപ്പം തന്നെ മെട്രോഫെയറും ആരംഭിക്കും. പൊതുവിതരണമേഖലയിലെ സംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തോടനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെല്ലാം ഒരു കിലോ പഞ്ചസാര സബ്‌സിഡി നിരക്കില്‍ നല്‍കും. ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും. അനിയന്ത്രിതമായ വിലക്കയറ്റം തടയാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും. അരി, വെളിച്ചെണ്ണ, തേയില, പഞ്ചസാര എന്നിവയുള്‍പ്പെടെ 13 അവശ്യസാധനങ്ങള്‍ 20 മുതല്‍ 50 ശതമാനം വരെ വിലകുറച്ച് സബ്‌സിഡി നിരക്കില്‍ വിപണിയിലെത്തിക്കും. പൊതു വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തടസം ഉണ്ടാവരുതെന്നും സഹകരണം ഉണ്ടാകണമെന്നും റേഷന്‍ ഡീലേഴ്‌സ്, റൈസ് മില്ലേഴ്‌സ് എന്നിവരോട് മന്ത്രി ആവശ്യപ്പെട്ടു
പൂഴ്ത്തിവയ്പ്പ് തടയാന്‍ പൊതുകമ്പോളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഇതിനായി നിയോഗിച്ച സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണ്. ജില്ലമാറ്റിയുള്ള ഉദ്യോഗസ്ഥരുടെ സ്‌ക്വാഡാണ് പരിശോധന നടത്തുക. മാറനല്ലൂരിലെ അനധികൃത ഗോഡൗണില്‍ നിന്ന് 25 ലക്ഷം റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായും നടപടികള്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സമാന സംഭവങ്ങളില്‍ എട്ട് മാസത്തിനുള്ളില്‍ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.