കാലിക്കറ്റ് കലാശാല യൂനിയന്‍: കെ എസ് യു മുന്നണിക്ക് ഹാട്രിക്

Posted on: August 5, 2015 11:53 pm | Last updated: August 5, 2015 at 11:53 pm
SHARE

11811561_1046466752037779_6390032261418862861_nതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു- എം എസ് എഫ് സഖ്യത്തിന് വന്‍ ജയം. കെ എസ് യു-എം എസ് എഫ് മുന്നണിയായ യു ഡി എസ് എഫിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. പത്ത് ജനറല്‍ സീറ്റില്‍ ഏഴെണ്ണം യു ഡി എസ് എഫും മൂന്നെണ്ണം എസ് എഫ് ഐയും നേടി. ചെയര്‍മാനായി കെ എസ് യുവിന്റെ വി എ ആസിഫ് (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്), വൈസ് ചെയര്‍മാനായി എം എസ് എഫിന്റെ കെ ഷമീര്‍ (മുക്കം മണാശ്ശേരി എം എ എം ഒ കോളജ്), ലേഡി വൈസ് ചെയര്‍മാനായി എം എസ് എഫിലെ കെ കെ ജഹാന ഇസ്സത്ത് (കുറ്റിക്കാട്ടൂര്‍ ജലാലിയ വിമന്‍സ് അറബിക് കോളജ്), സെക്രട്ടറിയായി എം എസ് എഫിന്റെ കെ മുഹമ്മദ് ഫവാസ് (കൊണ്ടോട്ടി ഇ എം ഇ എ കോളജ്), ജോയിന്റ് സെക്രട്ടറിയായി കെ എസ് യുവിന്റെ വി വി മുഹമ്മദ് (മണ്ണാര്‍ക്കാട് കല്ലടി എം ഇ എസ് കോളജ്) തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍: വയനാട്- എസ് എഫ് ഐയിലെ സിബിന്‍ ബേബി(പനമരം സി എം കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്), കോഴിക്കോട്- എം എസ് എഫിലെ കെ എം അബ്ദുല്‍സലാം (വടകര എം എച്ച് ഇ എസ് കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി), മലപ്പുറം- എം എസ് എഫിലെ ടി യാസിര്‍ (തിരൂര്‍ക്കാട് നസ്ര കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്), പാലക്കാട്- എസ് എഫ് ഐയിലെ കെ എ പ്രയാണ്‍(മുടവനൂര്‍ ആസ്പയര്‍ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്), തൃശൂര്‍- എസ് എഫ് ഐയിലെ കെ വരുണ്‍ ഗോവിന്ദ്(തൃശൂര്‍ കേരളവര്‍മ കോളജ്).
പത്ത് സീറ്റുകളില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും രണ്ട് ജില്ലാ പ്രതിനിധികളുമായി ഏഴ് സീറ്റുകളാണ് കെ എസ് യു- എം എസ് എഫ് സഖ്യം നേടിയത്. മൂന്ന് ജില്ലാ പ്രതിനിധികളെ മാത്രമേ എസ് എഫ് ഐക്ക് വിജയിപ്പിക്കാനായുള്ളൂ. 13 വര്‍ഷത്തോളം തുടര്‍ച്ചയായി എസ് എഫ് ഐയുടെ ആധിപത്യത്തിലായിരുന്നു യൂനിയന്‍ ഭരണം. മൂന്ന് വര്‍ഷം മുമ്പാണ് യു ഡി എസ് എഫ് ഭരണം തിരിച്ചുപിടിച്ചത്.