കുടുംബശ്രീ കൂട്ടായ്മയില്‍ 34 സ്‌നേഹവീടൊരുങ്ങുന്നു

Posted on: August 5, 2015 12:58 pm | Last updated: August 5, 2015 at 12:58 pm
SHARE

കോഴിക്കോട്: കുടുംബശ്രീയുടെ 17ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ അവശതയനുഭവിക്കുന്ന 34 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. കുടുംബശ്രീ ജില്ലാ മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്‌നേഹനിധി പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് മാതൃകയായി സ്‌നേഹവീടുകള്‍ ഉയരുന്നത്.
ദുരിതവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന അയല്‍ക്കൂട്ട അംഗങ്ങളെ സഹായിക്കാന്‍ സി ഡി എസ് തലത്തില്‍ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന നാണയത്തുട്ടുകള്‍ ഉപയോഗിച്ചാണ് സ്‌നേഹനിധി രൂപവത്കരിക്കുക.
വിവിധ കാരണങ്ങളാല്‍ അവശതയനുഭവിക്കുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൈത്താങ്ങാകുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോഴിക്കോട് ജില്ലയില്‍ പദ്ധതി കുറേക്കൂടി വിപുലമാക്കി നടപ്പാക്കുന്നതിന് കുടുംബശ്രീ മുന്നിട്ടിറങ്ങുകയായിരുന്നു. സ്‌നേഹനിധിയില്‍ നിന്നുള്ള ചെറിയ തുകയോടൊപ്പം സുമനസ്സുകളുടെ സഹായവും സാമൂഹിക-രാഷ്ട്രീയ-വ്യാപാരി വ്യവസായി സംഘടനകളുടെ പങ്കാളിത്തവും ഏകോപിപ്പിച്ചാണ് ജില്ലാ മിഷന്‍ ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സര്‍ക്കാറിന്റെയും മറ്റു ഏജന്‍സികളുടെയും ധനസഹായം ലഭിച്ചാല്‍ പോലും വീട് നിര്‍മിക്കാന്‍ കഴിയാത്തത്ര അവശത അനുഭവിക്കുന്ന കുടുംബങ്ങളില്‍ നിന്നാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തുന്ന ഗുണഭോക്താക്കള്‍ക്ക് പ്രാദേശികമായ കൂട്ടായ്മകളിലൂടെ തലചായ്ക്കാനുള്ള ഇടം ഉണ്ടാക്കി നല്‍കാനാണ് ജില്ലാ മിഷന്‍ ഉദ്ദേശിക്കുന്നത്.
സ്‌നേഹനിധി സ്‌നേഹവീടുകളുടെ പ്രഖ്യാപനവും ജില്ലാതല വാര്‍ഷികത്തിന്റെ ഉദ്ഘാടനവും നാളെ രാവിലെ 10 മണിക്ക് മന്ത്രി ഡോ എം കെ മുനീര്‍ നിര്‍വഹിക്കും. പ്രൊഫ. എ കെ പ്രേമജം അധ്യക്ഷത വഹിക്കും.