ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം : എസ് എസ് എഫ്

Posted on: August 5, 2015 10:18 am | Last updated: August 5, 2015 at 10:18 am
SHARE

SSF State Council SYS State President Ponmala Abdul Kadir musliyar Udgadanam cheyyunnu

കോഴിക്കോട് : ജനാധിപത്യ സങ്കേതങ്ങളുപയോഗപ്പെടുത്തി അധികാരത്തിലേറിയവര്‍ ജനവിരുദ്ധമായ ഫാസിസ്റ്റ് നയങ്ങള്‍ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ മൂല്യങ്ങളോടുള്ള നിഷേധമാണെന്ന് എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
പാഠപുസ്തകങ്ങളില്‍ ഭരണകക്ഷികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചരിത്രത്തെ വക്രീകരിച്ചവതരിപ്പിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനിടയാക്കും. ആര്‍.എസ്.എസ് സ്ഥാപക നേതാവ് ഹെസ്‌ഗേവാറിനെ കുറിച്ച് രാകേഷ് സിന്‍ഹ രചിച്ച പുസ്തകം ‘ആധുനിക ഭാരത് കേ നിര്‍മാതാ ഡോ. കേശവ് ബലിറാം ഹെഡ്‌ഗെവാര്‍’ രാജസ്ഥാനിലെ കോളേജുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതും സ്‌കൂള്‍ പാഠപുസ്തകത്തില്‍ ആസാറാം ബാപ്പുവിനെ വിശുദ്ധനായി പരിചയപ്പെടുത്തിയതും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇത് രാജ്യവ്യാപകമാക്കാനാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും ആര്‍.എസ്.എസ് നേതൃത്വവും തമ്മിലുള്ള ചര്‍ച്ച ഇതിനുവേണ്ടിയാണ്. ജനാധിപത്യത്തിന്റെ വിശാലമായ പൊതുസ്ഥലികളില്‍ വര്‍ഗീയതയുടെ ഇരുട്ട് വീഴ്ത്താനുള്ള ഫാസിസ്റ്റ് ശക്തികളുടെ നീക്കങ്ങള്‍ക്കെതിരെ മതേതര സമൂഹം ജാഗ്രത പാലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എസ് വൈ എസ് പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എം.എസ്.ഒ നാഷണല്‍ സെക്രട്ടറി ആര്‍.പി ഹുസൈന്‍, വി.അബ്ദുല്‍ ജലീല്‍ സഖാഫി, കെ. അബ്ദുല്‍ കലാം, എം. അബ്ദുല്‍ മജീദ് പ്രസംഗിച്ചു.