കട്ജുവിനെതിരായ പാര്‍ലിമെന്റ് പ്രമേയം സുപ്രീം കോടതി ശരിവെച്ചു

Posted on: August 4, 2015 6:00 am | Last updated: August 4, 2015 at 12:35 am
SHARE

kadjuന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ ബ്രിട്ടീഷ് ചാരനെന്നും നേതാജി സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാന്‍ ഏജന്റെന്നും വിശേഷിപ്പിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ നടപടിക്കെതിരായ പാര്‍ലിമെന്റ് പ്രമേയം സുപ്രീം കോടതി ശരിവെച്ചു. ഇത്തരത്തില്‍ വിമര്‍ശം നടത്തിയതിനെതിരെ പാര്‍ലിമെന്റിന് പ്രമേയം പാസ്സാക്കമെന്നും കട്ജുവിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിര് നിന്നുവെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഈ വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കും. കേസില്‍ അമിക്കസ് ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനെ നിയോഗിച്ചു. കട്ജുവിന്റെ ഭാഗം കേള്‍ക്കാതെയാണ് പാര്‍ലിമെന്റ് പ്രമേയം പാസ്സാക്കിയതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കട്ജുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. തന്റെ ബ്ലോഗിലാണ് മഹാത്മാ ഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനുമെതിരെ രൂക്ഷമായ ആരോപണങ്ങള്‍ കട്ജു ഉന്നയിച്ചത്. ആരോപണങ്ങളെ അപലപിച്ച് രാജ്യസഭയും ലോക്‌സഭയും ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കുകയായിരുന്നു.