ടാക്‌സി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യും

Posted on: August 3, 2015 8:00 pm | Last updated: August 3, 2015 at 8:16 pm
SHARE

അബു ദാബി: വിഭിന്ന സമൂഹത്തെ പ്രതിഫലിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, തലസ്ഥാനത്ത് പുതിയ ടാക്‌സി ഡ്രൈവര്‍മാരെ ആഫ്രിക്ക ഉള്‍പെടെയുള്ള മേഖലകളില്‍ നിന്നു റിക്രൂട്ട്‌ചെയ്യുമെന്ന് ഗതാഗത റെഗുലേഷന്‍ (ട്രാന്‍സ്) സെന്റര്‍ വ്യക്തമാക്കി. നിലവില്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ടാക്‌സികളില്‍ ഡ്രൈവര്‍മാരായി ജോലിചെയ്യുന്നത് പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, വംശജരാണ്. യു എ ഇയിലെ വിവിധ പശ്ചാത്തലത്തിലും ബഹുസ്വര സാംസ്‌കാരിക സമൂഹത്തിലുംപെട്ട ആളുകളുമായി സംവദിക്കാന്‍ വേണ്ടിയാണ് വിവിധ രാജ്യങ്ങളില്‍ നിന്നു പ്രാപ്തരായവരെ ഡ്രൈവര്‍മാരായി റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ഉഗാണ്ട, റുവാണ്ട, കെനിയ, ഫിലിപ്പൈന്‍സ്, നൈജീരിയ, ടുണിഷ്യ, മൊറോക്കോ, നേപ്പാള്‍ എന്നിവിടങ്ങളിലെ 100 റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ നിന്നും പുതിയ ഡ്രൈവര്‍മാരെ കണ്ടെത്തും.
യു എ ഇ യില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ജീവിക്കുന്ന സാഹചര്യത്തിലാണിത്. യാത്രക്കാരുമായി സംവദിക്കുന്നതിനും യാത്രാ സുരക്ഷ ഒരുക്കുന്നതിനമാണ് വിവിധ പശ്ചാത്തലത്തില്‍ പെട്ട ഡ്രൈവര്‍മാരെ നിയമിക്കുന്നത്.
അബുദാബിയില്‍ ടാക്‌സി മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങളാണ് ഗതാഗത വകുപ്പ് നടപ്പാക്കുന്നത്. ടാക്‌സികളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഒന്നാം ഘട്ടത്തില്‍ വാന്‍ ടാക്‌സികളിലാണ് നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ ടാക്‌സികളിലും നടപ്പിലാക്കും. കൂലി നിഷേധിക്കുന്ന യാത്രക്കാരുടെ വിവരം അടിയന്തിരമായി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന് വാഹനത്തിന്റെ അകത്ത് അടിയന്തിര ബട്ടണ്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ അനാവശ്യപരാതികള്‍ വര്‍ധിച്ചതും ഇത് വഴി ഡ്രൈവര്‍മാരുടെ പേരില്‍ നടപടി സീകരിക്കേണ്ടിവരുന്നതുമാണ് ഗതാഗത വകുപ്പ് അടിയന്തിര നടപടി സീകരിക്കാന്‍ കാരണമെന്ന് ട്രാന്‍സ് എഡി കോള്‍ സെന്റര്‍ ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ യൂസഫ് മദനി വ്യക്തമാക്കി.