ഭീകരതക്കെതിരെ പാരസ്പര്യം യുക്തിസഹം

Posted on: August 1, 2015 5:57 pm | Last updated: August 1, 2015 at 5:57 pm
SHARE

gulf kaazcha
ഭീകര പ്രവര്‍ത്തനത്തിന്റെ വിഷവിത്തുകള്‍ ലോകമാകെ വിതറാനുള്ള ഒരുക്കത്തിലാണ് ഇസ്‌ലാമിക് സ്റ്റേറ്റ്. അടുത്ത ലക്ഷ്യം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാഖും സിറിയയും കടന്ന് ഗള്‍ഫ് മേഖലയില്‍ വേരുറപ്പിക്കുന്നതില്‍ പരാജയപ്പെടുമ്പോഴാണ് അവര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. അവരെ, ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ടതെങ്ങിനെയെന്നത്, ഇന്ത്യക്ക് പാഠമായി സ്വീകരിക്കാവുന്നതാണ്. ഇതിനിടയില്‍ മറ്റൊന്ന് കൂടി സംഭവിക്കണം. ഉര്‍വശീശാപം ഉപകാരമെന്ന പോലെ, ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ഭീകരതക്കെതിരെ കൈകോര്‍ക്കണം. അത്, ഗള്‍ഫില്‍ ജീവിതോപാധി തേടിയെത്തിയ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആവേശം പകരും.
ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ത്ത് ഒരു സാമ്രാജ്യം സ്ഥാപിക്കാനാണ് അബൂബക്കര്‍ ബഗ്ദാദിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് രംഗത്തു വന്നത്. അതിന് അവര്‍ സ്വീകരിച്ച മാര്‍ഗം നിഷ്ഠൂരതയുടെയും കൂട്ടക്കൊലകളുടെയും വംശീയ ഉന്‍മൂലനങ്ങളുടേതുമാണ്. മധ്യപൗരസ്ത്യദേശം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത അനേകം ക്രൂര പ്രവര്‍ത്തനങ്ങള്‍ അരങ്ങേറി.
ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നടപടികളാണ് സ്വീകരിച്ചത്. സഊദി അറേബ്യയും കുവൈത്തും മറ്റും നിരവധി പേരെ അറസ്റ്റു ചെയ്തു. കുവൈത്തില്‍ അഞ്ചു സ്വദേശികള്‍ ഉള്‍പെട്ട സംഘത്തെ കഴിഞ്ഞ ദിവസമാണ് തകര്‍ത്തത്. പിടിയിലായവര്‍, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പരിശീലനം നേടിയവരായിരുന്നു. മിക്കവരും യുവാക്കള്‍. കഴിഞ്ഞ മാസം സഊദി അറേബ്യയില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടന്ന ശേഷം ജി സി സി രാജ്യങ്ങള്‍ ജാഗ്രതയിലായിരുന്നു.
26 രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥരെ ഉള്‍പെടുത്തി, ഭീകരതക്കെതിരെ സഊദി യുദ്ധ മുന്നണി തുറന്നിട്ടുണ്ട്. ഇറാഖിലും സിറിയയിലും വേരുറപ്പിച്ചിട്ടുള്ള ഭീകരാവദികളെ ഉന്‍മൂലനം ചെയ്യാനാണ് തീരുമാനം. ഇസ്‌ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായവരില്‍ സ്വദേശികളുണ്ടെന്നത് സഊദിയെ അമ്പരപ്പിച്ചു. സ്വദേശികള്‍ക്കെതിരെയും കര്‍ശന നടപടിയാണ് കൈക്കൊള്ളുന്നത്.
ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവം എങ്ങിനെ എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇപ്പോഴുമുണ്ട്.
2011ലാണ് അബൂബക്കര്‍ ബഗ്ദാദിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന് മൂര്‍ത്ത രൂപം കൈവരുന്നത്. ഇറാഖില്‍ നിന്ന് സിറിയയിലേക്ക് അബൂബക്കര്‍ ബഗ്ദാദി അനുചരരെ അയച്ചു. സിറിയയില്‍ ബശാര്‍ അല്‍ അസദിനെതിരെ പോരാടുന്ന തീവ്രവാദ സംഘടനയായ അല്‍ നുസ്‌റയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബഗ്ദാദി അറിയിച്ചു. അല്‍ ഖാഇദയുടെ അവാന്തര വിഭാഗമാണ് അല്‍ നുസ്‌റ. ബശാര്‍ അല്‍ അസദിനെതിരെ അമേരിക്കയും രംഗത്തുണ്ടായിരുന്നു. അല്‍ നുസ്‌റക്കും ഇസ്‌ലാമിക് സ്റ്റേറ്റിനും ആദ്യകാലത്ത് ലഭിച്ച ആയുധങ്ങള്‍ പാശ്ചാത്യ നിര്‍മിതമാണ്. അവ നല്‍കിയത് പാശ്ചാത്യ, ഇസ്‌റാഈലി ചാര സംഘടനകളാണ്.
2014 ഫെബ്രു മൂന്നിന് അല്‍ നുസ്‌റയും ഇസ്‌ലാമിക് സ്റ്റേറ്റും വേര്‍പിരിഞ്ഞു. ഇതിനകം, ഇസ്‌ലാമിക് സ്റ്റേറ്റ്, ഇറാഖിലെന്നപോലെ സിറിയയിലും വേരുറപ്പിച്ചു. ഖലീഫാ സാമ്രാജ്യം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ബഗ്ദാദി പ്രഖ്യാപിച്ചു.
2014 ജുലൈയില്‍ ജോര്‍ദാനും സഊദിയും ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖ് അതിര്‍ത്തികളില്‍ സൈന്യത്തെ വിന്യസിച്ചു. ഇത് കണക്കിലെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീവ്രവാദികളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. തട്ടിക്കൊണ്ടുപോകലും തലയറുക്കലും വ്യാപകമായി. 2014 ആഗസ്റ്റ് മൂന്നിന് ഇസ്‌ലാമിക് സ്റ്റേറ്റ് വടക്കന്‍ ഇറാഖിലെ സുമാര്‍, സിന്‍ജാര്‍ തുടങ്ങിയ പട്ടണങ്ങള്‍ പിടിച്ചെടുത്തു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ആയിരക്കണക്കിന് തീവ്രവാദികള്‍ ഇറാഖിന്റെ പല ഭാഗങ്ങളിലായി വേരുറപ്പിച്ചു. ഇറാഖിന്റെയും സിറിയയുടെയും അതിര്‍ത്തി നഗരമായ അല്‍ റഖയാണ് ബഗ്ദാദിയുടെ ആസ്ഥാനമെന്ന് ദി ഇക്കോണമിസ്റ്റ് പത്രം റിപ്പോര്‍ട്ടു ചെയ്തു. സലഫി ആശയങ്ങളിലൂന്നിയുള്ള ഭരണമാണ് ബഗ്ദാദി ആഗ്രഹിക്കുന്നത്.
ഇതിനിടയില്‍, ഇസ്‌റാഈല്‍ ചാര സംഘടനയായ മൊസാദും അമേരിക്കന്‍ ചാര സംഘടനയായ സി ഐ എയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു. മധ്യപൗരസ്ത്യ മേഖലയില്‍ ആക്രമണങ്ങള്‍ നടത്തി ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തലയില്‍ വെച്ചുകെട്ടുന്നു. വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം പയറ്റുന്നു.
ഇന്ത്യയിലും എത്തിപ്പെടുന്നത് ഒരു പക്ഷേ ഇതേ ആസൂത്രണമായിരിക്കാം. എന്നാലും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദം യാഥാര്‍ഥ്യമാണ്. അതിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ ഇന്ത്യക്കാരുമുണ്ട്. ജമ്മുകാശ്മീരിലെ ഒരു പറ്റം യുവാക്കള്‍ ഇറാഖില്‍ പരിശീലനം നേടുന്നതിന്റെ ചിത്രം ഏതാനും ദിവസം മുമ്പ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവരില്‍ മിക്കവരെയും തിരിച്ചറിഞ്ഞു. ഇവരെ ഉപയോഗിച്ചാകാം ഇന്ത്യക്കെതിരെയുള്ള നീക്കം.

ഇന്ത്യയില്‍ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ ആക്രമണം എളുപ്പമാക്കുമെന്ന് അവര്‍ കരുതുന്നുണ്ടാകണം. പക്ഷേ, 99 ശതമാനം ജനങ്ങളും ജാതിമത ഭേദമന്യെ ഭീകരവാദത്തെ തള്ളിപ്പറയും. സംഘ പരിവാരത്തിന്റെ തീവ്രവാദത്തിന് ബദലായി ഇസ്‌ലാമിക് സ്റ്റേറ്റിനെയോ അല്‍ ഖാഇദയെയോ ആരും പിന്തുണക്കാന്‍ പോകുന്നില്ല.
ഇന്ത്യ ഭരിക്കുന്നത് സംഘ പരിവാരമാണെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുള്ള നീക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി കൈകോര്‍ക്കുന്നതില്‍ സാംഗത്യമുണ്ട്. ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം വിലയിരുത്തപ്പെടും. ഭരണം മാറിയേക്കാം. അപ്പോഴും രാജ്യം ഒറ്റക്കെട്ടായി ഉണ്ടാകും. ഇക്കാലമത്രെയും അങ്ങിനെയായിരുന്നു. തീവ്രവാദ സമീപനത്തെ ഇന്ത്യന്‍ ജനത ഒരിക്കലും അംഗീകരിച്ചിട്ടില്ല. രാഷ്ട്രീയം വേറെ, ഭരണപരമായ ഉത്തരവാദിത്തം വേറെ എന്ന് നമ്മുടെ ഭരണാധികാരികള്‍ തിരിച്ചറിയണം.
ഇന്ത്യയും മധ്യപൗരസ്ത്യദേശവും നൂറ്റാണ്ടുകളായി സൗഹൃദത്തിലാണ്. ലോകത്ത്, ശാക്തിക ചേരി മാറിയപ്പോഴും അതിന് മാറ്റം വന്നിട്ടില്ല. ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സാത്മ്യങ്ങള്‍ അദൃശ്യവും ദൃഢതരവുമായ കണ്ണിചേര്‍ക്കല്‍ നടത്തിയിട്ടുണ്ട്. അത് കൊണ്ടുതന്നെ, ഭീകരതക്കെതിരെയുള്ള പാരസ്പര്യം യുക്തി സഹമാണ്.
കഴിഞ്ഞ ദിവസം ഇന്ത്യക്കാരെ ലിബിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയത് ഇതിനോട് ചേര്‍ത്തുവായിക്കണം. ട്രിപ്പോളിയില്‍ അധ്യാപക ജോലിയിലേര്‍പെട്ടവരെയാണ് തട്ടിയെടുത്തത്. കഴിഞ്ഞ വര്‍ഷം ഇറാഖില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട 39 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല. അവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ആവര്‍ത്തിക്കുമ്പോഴും എവിടെ, എങ്ങിനെ എന്നതിന് വ്യക്തതയില്ല. ബന്ദികളാക്കപ്പെട്ടവരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നുണ്ടെന്നാണ് നിഗമനം. അവരെ കണ്ടെത്താന്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണം തേടാം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇറാഖിലും മറ്റും പോകുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിക്കാം.