Connect with us

Kerala

നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: സി ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ പ്രതികള്‍

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഏഴ് സബ് ഇന്‍സ്‌പെക്ടര്‍മാരുമടക്കം എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൂടി സി ബി ഐ പ്രതിചേര്‍ത്തു. സി ഐ ഉല്ലാസ് കുമാര്‍, എസ് ഐമാരായ എം കെ ബാബു, എ ഷാജി, പി എഫ് കോശി, സി എസ് ബിജു, എസ് ശ്യാംജിത്, എസ് ബിനോജ്, വനിതാ എസ് ഐ അനിത എന്നിവരെയാണ് പ്രതി ചേര്‍ത്തത്. അന്വേഷണം നേരിടുന്ന ഒരു ഡിവൈ എസ് പി ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതി ചേര്‍ക്കപ്പെട്ട എട്ട് പോലീസ് ഉദ്യോഗസ്ഥരുടെയും തൊടുപുഴയിലെ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി മഹേഷ്‌കുമാറിന്റെയും വസതികളില്‍ സി ബി ഐ സംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ ലഭിച്ചു. ഇതേത്തുടര്‍ന്നാണ് എട്ട് പേരെ കൂടി പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഡി വൈ എസ് പിയുടെ വസതിയില്‍ നിന്ന് തെളിവുകള്‍ ലഭിച്ചില്ലെങ്കിലും ഇദ്ദേഹം സംശയത്തിന്റെ നിഴലിലാണെന്നാണ് സി ബി ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ പല കാലയളവില്‍ ജോലി ചെയ്തിരുന്നവരാണ് പ്രതികള്‍. ഇപ്പോള്‍ ഡി വൈ എസ് പിയായ മഹേഷ്‌കുമാര്‍ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ വിമാനത്താവളത്തില്‍ സി ഐ ആയിരുന്നു.
2007-2012 കാലയളവില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നടന്ന മനുഷ്യക്കടത്താണ് കഴിഞ്ഞ ഒരു വര്‍ഷമായി സി ബി ഐ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാല് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ശേഷിക്കുന്ന അഞ്ച് കേസുകളില്‍പ്പെ ട്ട ഒരു കേസിലാണ് ഇപ്പോള്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഈ കേസില്‍ മാത്രം പ്രതിചേര്‍ക്കപ്പെട്ട പോലീസുകാരുടെ എണ്ണം പതിനെട്ട് ആണ്.
2012 ജൂണ്‍ 11ന് നെടുമ്പാശ്ശേരിയില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ യു എ ഇയിലെത്തിച്ച ശേഷം പെണ്‍വാണിഭ കേന്ദ്രത്തിലെത്തിച്ച് പലര്‍ക്കും കാഴ്ചവെക്കുകയും പിന്നീട് 15,000 രൂപയും ടിക്കറ്റും സഹിതം കേരളത്തിലേക്കു തിരിച്ചയക്കുകയും ചെയ്ത ചിറയിന്‍കീഴ് സ്വദേശിനി മുബീന മുംബൈ വിമാനത്താവളത്തില്‍ വെച്ചു 2012 ജൂലൈ ആറിന് പിടിക്കപ്പെട്ടതോടെയാണ് മനുഷ്യക്കടത്ത് കേസിന്റെ തുടക്കം. ആദ്യം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചില്‍ നിന്ന് പിന്നീട് സി ബി ഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് വ്യാജരേഖ ഉപയോഗിച്ച് യാത്ര ചെയ്യാനെത്തിയ നിരവധി പേരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട റാക്കറ്റ് കൈക്കൂലി വാങ്ങി അനധികൃതമായി വിദേശത്തേക്ക് കടത്തിവിട്ടതായി സി ബി ഐക്ക് വിവരം ലഭിച്ചത്്.
നേരത്തെ അറസ്റ്റിലായ പോലീസ് കോണ്‍സ്റ്റബിള്‍ അജീബ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിനും പിന്നീട് സി ബി ഐക്കും നല്‍കിയിരുന്നു. അജീബിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് വന്ന 55 ലക്ഷം രൂപയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ട്രാവല്‍ ഏജന്‍സി ഉടമകള്‍ക്കും മനുഷ്യക്കടത്തിലുള്ള പങ്ക് തെളിവ് സഹിതം വെളിപ്പെടുകയായിരുന്നു.

Latest